വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് തെലങ്കാന കോൺഗ്രസ്. ഈ ആവശ്യം ഉന്നയിച്ചു പാർട്ടി സംസ്ഥാന ഘടകം പ്രമേയം പാസ്സാക്കി. ഡൽഹി, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികളും രാഹുൽ അധ്യക്ഷനാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ പാസാക്കിയിരുന്നു.
തെലങ്കാനയിലെ 33 ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻമാർ സംയുക്തമായാണ് ഞായറാഴ്ച പ്രമേയം പാസാക്കിയത്. തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗവും എം.പിയുമായ മാണിക്കം ടാഗോർ, തെലങ്കാന കോൺഗ്രസ്(ടി.പി.സി.സി) അധ്യക്ഷൻ എൻ. ഉത്തം കുമാർ റെഡ്ഢി, കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് ഭാട്ടി വിക്രമർക്ക മറ്റ് മുതിർന്ന എ.ഐ.സി.സി, ടി.പി.സി.സി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ 33 ഡി.സി.സി അധ്യക്ഷൻമാർ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
2017ൽ രാഹുൽഗാന്ധി പാർട്ടി അധ്യക്ഷ പദവി അലങ്കരിച്ചെങ്കിലും 2019ൽ പാർട്ടിക്കേറ്റ ദയനീയ തോൽവിയെ തുടർന്ന് സ്ഥാനം രാജി വെക്കുകയായിരുന്നു. തുടർന്ന് സോണിയ ഗാന്ധി പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി സ്ഥാനമേറ്റു. പിന്നീട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നിരന്തരം ആവശ്യപ്പെട്ടിട്ടും രാഹുൽ പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാൻ തയാറായിട്ടില്ല.