തെരഞ്ഞെടുപ്പിന് മുമ്പ് ഒളിഞ്ഞും തെളിഞ്ഞും വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളുമെത്താറുണ്ട്. കൈക്കൂലി ഇരുകയ്യും നീട്ടി വാങ്ങി പറ്റിക്കുന്നവരും കുറവല്ല. അങ്ങനെ പറ്റിച്ചവരെ പരസ്യമായി ചോദ്യം ചെയ്യുകയും പണം തിരികെ വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്ന നാണം കെട്ട സംഭവം പുറത്തുവരുന്നത് തെലങ്കാനയില്‍ നിന്നാണ്.
പ്രാദേശിക തെരഞ്ഞെടുപ്പിനിടെയാണ് വിവാദസംഭവമുണ്ടായത്. സൂര്യപേട്ട് ജില്ലയിലെ ജഗ്ജിറെഡ്ഡി ഗുഡേം ഗ്രാമത്തില്‍ നിന്നുള്ള വാര്‍ത്ത ഈനാടാണ് റിപ്പോര്‍ട്ടു ചെയ്തത്. ഗ്രാമത്തിന്റെ ജനകീയ പ്രതിനിധി സ്ഥാനമായ സര്‍പഞ്ചിലേക്കുള്ള തെരഞ്ഞെടുപ്പിനിടെയായിരുന്നു വിവാദം. പ്രഭാകരന്‍ എന്നയാളുടെ ഭാര്യ ഉപ്പു ഹേമാവതിയും ജനുവരി 25ന് നടന്ന തെരഞ്ഞെടുപ്പില്‍ സര്‍പഞ്ചാകാന്‍ മത്സരിച്ചിരുന്നു.
ഗ്രാമത്തിലെ ആകെയുള്ള 269 വോട്ടുകളില്‍ 24 വോട്ടുകള്‍ മാത്രമാണ് ഹേമാവതിക്ക് ലഭിച്ചത്. നിരവധി വോട്ടര്‍മാര്‍ക്ക് 500 മുതല്‍ 700 രൂപവരെ കൈക്കൂലി കൊടുത്തിട്ടും ബാലറ്റു പെട്ടിയില്‍ വോട്ടുവീഴാതിരുന്നതാണ് പ്രഭാകരനെ പ്രകോപിപ്പിച്ചത്. ‘നന്ദികേടു’ കാണിച്ചവരോട് നേരിട്ട് ചോദിക്കാനെത്തിയ പ്രഭാകരന്‍ തന്ന കൈക്കൂലി തിരികെ നല്‍കണമെന്നുവരെ ആവശ്യപ്പെട്ടു.
Money back policy. A contestant who lost the sarpanch elections is demanding that voters return the amount he had distributed.Posted by Ch Sushil Rao on Monday, January 28, 2019
കൈക്കൂലി തിരികെ ആവശ്യപ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈകാതെ ഹിറ്റായി. പണം തിരികെ ആവശ്യപ്പെടുന്ന പ്രഭാകരനോട് ഇപ്പോള്‍ കൈവശം പണമില്ലെന്നാണ് ഗ്രാമീണരില്‍ ഒരാളുടെ മറുപടി. ഇയാള്‍ പണം വാങ്ങിയിട്ടില്ലെന്ന് പറയുന്നുമില്ല.
നിരവധി ഗ്രാമീണരും പണവും വോട്ടും പോയ പ്രഭാകരന്റെ ബഹളം കാണാനെത്തുന്നുണ്ട്. ഇതിനിടെ ഒരു സ്ത്രീ ഇതെന്താ തെരഞ്ഞെടുപ്പോ ലേലം വിളിയോ എന്ന് വരെ ചോദിക്കുന്നു. ഒടുവില്‍ പണം വാങ്ങിയെന്ന് പറയുന്നയാള്‍ തിരികെ നല്‍കാമെന്ന് പറയുന്നുമുണ്ട്. എന്നാല്‍ അങ്ങനെ പറഞ്ഞ പല നാട്ടുകാരും പണം തിരികെ കൊടുത്തില്ലെന്നാണ് ഈനാട് റിപ്പോര്‍ട്ട് ചെയ്യുന്നത്.