India National

ഗണ്‍മാന് പിന്നാലെ തെലങ്കാനയില്‍ ആഭ്യന്തര മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു

തെലങ്കാനയില്‍ ആഭ്യന്തര മന്ത്രിയ്ക്ക് കോവിഡ്. ആഭ്യന്തരമന്ത്രി മഹമ്മൂദ് അലിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ സ്രവം പരിശോധനക്കായി എടുക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് കോവിഡ് ഫലം പുറത്തുവന്നത്. കുറച്ച് ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ ഗണ്‍മാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 19,459 പേര്‍ക്ക്. 380 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി. ഇതില്‍ 2,10,120 എണ്ണം സജീവ കേസുകളാണ്. 3,21,723 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 16,475 ആണെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിക്കുന്നു. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1,64,626 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 86,575 പേര്‍ രോഗമുക്തി നേടി. 70,622 പേര്‍ നിലവില്‍ ചികിത്സയിലാണ്. 7,429 പേരാണ് കോവിഡ് മൂലം മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്..