മികച്ച സേവനത്തിനുള്ള അവാര്‍ഡ് വാങ്ങിയതിന് പിന്നാലെ കൈക്കൂലി കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. തെലുങ്കാനയിലാണ് സംഭവം. മഹ്ബൂബ് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പല്ലേ തിരിപ്പതി റെഡ്ഡിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. സ്വാതന്ത്ര്യദിനത്തിലാണ് എക്സൈസ് വകുപ്പ് മന്ത്രിയില്‍ നിന്നും മികച്ച സേവനത്തിനുള്ള അവാര്‍ഡ് റെഡ്ഡി സ്വീകരിച്ചത്.
തൊട്ടടുത്ത ദിവസം അഴിമതി വിരുദ്ധ വിഭാഗം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. കൈകൂലിയായി വാങ്ങിയ 17,000 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ രമേശ് എന്നയാളില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. ആവശ്യമായ രേഖകളോടെ മണല്‍ കൊണ്ടുപോയിട്ടും തന്നെ വേട്ടയാടുകയും കൈക്കൂലി ആവശ്യപ്പെടുകയുമാണെന്നാണ് രമേശ് പറയുന്നത്.
സ്റ്റേഷനില്‍ വച്ച് തന്നെ അപമാനിക്കാനും ശ്രമം നടന്നതോടെയാണ് രമേശ് അഴിമതി വിരുദ്ധ സ്ക്വാഡിനെ സമീപിച്ചത്. കോടതിയില്‍ ഹാജരാക്കിയ റെഡ്ഡിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.