India National

‘’യഥാർത്ഥ ചൗക്കീദാർ ആരെന്ന് ജനങ്ങൾ തീരുമാനിക്കും’’ തേജ് ബഹദൂർ യാദവ്

യഥാർത്ഥ ചൗക്കീദാർ ആരെന്ന് വരാണസിയിലെ ജനങ്ങൾ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിർസ്ഥാനാർത്ഥി തേജ് ബഹദൂർ യാദവ്. ജവാന്മാർക്ക് മോശം ഭക്ഷണമാണ് നൽകുന്നതെന്നാരോപിച്ചതിനെത്തുടർന്ന് ബി.എസ്.എഫ് പുറത്താക്കിയ ജവാനാണ് സമാജ് വാദി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തേജ് ബഹദൂർ യാദവ്.

തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുടെ മുദ്രാവാക്യം ജവാന്മാരുടെയും കർഷകരുടെയും ദുരവസ്ഥയാണ്. ‘’തൊഴിലില്ലായ്മ നാട്ടുകാരെ വലയ്ക്കുകയാണ്. ആരാണ് യഥാർത്ഥ ചൗക്കീദാരെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. പ്രധാനമന്ത്രി ജവാന്മാർക്ക് കരിഞ്ഞ റൊട്ടിയും ദാലും കൊടുക്കുന്ന വിവരം എത്ര പേരാണ് കണ്ടത്.’’ തേജ് ബഹദൂർ പറഞ്ഞു. മഹാസഖ്യത്തിനു പുറമെ ആം ആദ്മി പാർട്ടിയും തന്നെ പിന്തുണയ്ക്കും. വീടുവീടാന്തരം കയറി മോദിക്കെതിരെ പ്രചരണം നടത്തും. ആർക്കും തൊഴിൽ കിട്ടുന്നില്ലെന്നും തേജ് ബഹദൂർ യാദവ് കൂട്ടിച്ചേര്‍ത്തു.

പ്രചരണത്തിൽ ഏറെ മുന്നോട്ടു പോയ ശാലിനിയാദവിനെ പിൻവലിച്ചാണ് എസ്.പി, ബി.എസ്.പി സഖ്യം തേജ് ബഹദൂറിനെ രംഗത്തിറക്കിയത്. അതേസമയം തേജ് ബഹദൂറിന് എന്തെങ്കിലും തരത്തിൽ അയോഗ്യത വന്നാൽ മത്സര രംഗത്ത് ശാലിനിയുണ്ടാകും. എന്നാല്‍ തേജ് ബഹദൂറിനെ സ്ഥാനാർത്ഥിയാക്കാനുള്ള അഖിലേഷ് യാദവിന്റെ തീരുമാനത്തെ അരവിന്ദ് കെജ്രിവാൾ അഭിനന്ദിക്കുകയാണ് ചെയ്തത്.