India National

ശമ്പളം വേണോ ? ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകര്‍ സെല്‍ഫി എടുത്ത് ഡി.ഇ ഓഫീസിലേക്ക് അയക്കണം

അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്താന്‍ ഹൈടെക് സമ്പ്രദായം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ അധികൃതര്‍. ബരാബങ്കി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരും എല്ലാ ദിവസവും ക്ലാസ് മുറിയില്‍ നിന്ന് സെല്‍ഫി എടുത്ത് ഡി.ഇ ഓഫീസിലേക്ക് അയക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഈ സെല്‍ഫി ആധാരമാക്കിയാണ് ഇനി മുതല്‍ അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്തുക. കൃത്യസമയത്ത് അധ്യാപകര്‍ സ്കൂളില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുവാനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാവിലെ എട്ട് മണിക്ക് മുമ്പാണ് സെല്‍ഫി അയക്കേണ്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് അയക്കുന്ന സെല്‍ഫികള്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ ബി.എസ്.എയുടെ വെബ്പേജിലേക്ക് പോസ്റ്റ് ചെയ്യും. നിശ്ചിത സമയത്തിനകം സെല്‍ഫികള്‍ വെബ് പേജില്‍ പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ദിവസത്തെ ശമ്പളം നഷ്ടമാകും. മെയ് മാസത്തോടെയാണ് ഈ സംവിധാനം പ്രാബല്യത്തില്‍ വന്നത്. ഇതിനോടകം 700 അധ്യാപകര്‍ക്ക് ഒരു ദിവസത്തെ ശമ്പളം നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ അധ്യാപകര്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. പുതിയ പദ്ധതി വിജയകരമാണെങ്കില്‍ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.