ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ചിറ്റൂർ ജില്ലയിലേക്ക് എത്തിയ നായിഡുവിനെ റെനിഗുണ്ട പൊലീസ് തിരുപ്പതി വിമാനത്താവളത്തിലെത്തി തടയുകയായിരുന്നു.
വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാൻ നായിഡു ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടർന്ന് നായിഡു വിമാനത്താവളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധം മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു.
ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
”എന്താണിത്, കലക്ടറെ കാണാനുള്ള അവകാശം എനിക്കില്ലേ? എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്. 14 വര്‍ഷം മുഖ്യമന്ത്രിയായിരുന്നു ഞാന്‍. ഇപ്പോള്‍ പ്രതിപക്ഷ നേതാവാണ്. എന്തുകൊണ്ടാണ് നിങ്ങൾ എന്നെ തടഞ്ഞത്? നിങ്ങൾ എനിക്ക് അനുമതി നൽകിയില്ല… ഞാൻ ഇവിടെ തന്നെ ഇരിക്കും” നായിഡു പൊലീസിനോട് പറഞ്ഞു.