ന്യൂഡല്‍ഹി: റിലയന്‍സിന്റെ മേധാവിത്വം അവസാനിപ്പിച്ച് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ടാറ്റ ഗ്രൂപ്പ്. ആറുമാസമായി റിലയന്‍സ് കൈവശം വച്ചിരുന്ന സ്ഥാനമാണ് ടാറ്റ കൈയടക്കിയത്. കര്‍ഷക സമരത്തില്‍ കമ്പനിക്കെതിരെ രോഷം ശക്തമായതിനു പിന്നാലെയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സിന് വീണ്ടും തിരിച്ചടിയേല്‍ക്കുന്നത്.
റിലയന്‍സ് ഗ്രൂപ്പില്‍ ജിയോ ആണ് കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത്. കോവിഡ് കാലയളവില്‍ ഫേസ്ബുക്ക്, ഗൂഗ്ള്‍ പോലുള്ള ഭീമന്‍ കമ്പനികള്‍ ജിയോയില്‍ നിക്ഷേപമിറക്കി. എന്നാല്‍ സൗദി കമ്പനിയായി ആരാംകോയുമായുണ്ടായ കരാര്‍ വിവാദങ്ങള്‍ കമ്പനിയെ ബാധിച്ചു. സെപ്തംബര്‍ മുതല്‍ 22 ശതമാനം ഇടിവാണ് ഓഹരി വിപണിയില്‍ റിലയന്‍സ് നേരിട്ടത്.
സെപ്തംബര്‍ 16ന് റിലയന്‍സിന്റെ വിപണി മൂല്യം 16 ലക്ഷം കോടി പിന്നിട്ടിരുന്നു. രാജ്യത്ത് 16 ലക്ഷം കോടി വിപണി മൂല്യം കൈവരിക്കുന്ന ആദ്യ കമ്പനിയായിരുന്നു റിലയന്‍സ്. ആ സമയത്ത് റിലയന്‍സിന്റെ ഓഹരി മൂല്യം 2,386 രൂപ വരെയായി വര്‍ധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഓഹരികള്‍ ഇടിഞ്ഞു. ഇപ്പോള്‍ 12.22 ലക്ഷം കോടിയാണ് റിലയന്‍സിന്റെ ഓഹരി മൂല്യം.
ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സിയും വിപണി മൂല്യത്തില്‍ റിലയന്‍സിനെ മറികടന്നു. 15.25 കോടിയാണ് എച്ച്ഡിഎഫ്‌സിയുടെ മൂല്യം.
ഒരാഴ്ചയ്ക്കിടെ 35,000 കോടി
വ്യാഴാഴ്ച ടാറ്റ കണ്‍സല്‍ട്ടി സര്‍വീസിന്റെ ഓഹരിയില്‍ മൂന്നു ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇപ്പോള്‍ 3261 രൂപയാണ് ടാറ്റയുടെ ഓഹരി വില. ഒരാഴ്ചയില്‍ ഏഴര ശതമാനം വര്‍ധനയാണ് ടിസിഎസിനുണ്ടായത്. ഇതുവഴി കമ്പനിയുടെ വിപണി മൂല്യത്തില്‍ എത്തിയത് 85,000 കോടി രൂപയും.