India

തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളായ കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം, രാമനാഥപുരം തുടങ്ങിയ ജില്ലകളിലും പുതുച്ചേരി, കാരയ്ക്കാൽ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ചെന്നൈയിൽ മിതമായ മഴയുണ്ടാകും. ( tamilnadu rainfall decrease )

എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ കാരണം വെല്ലൂർ, തിരുച്ചി, കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം തുടങ്ങിയ ജില്ലകളിൽ പ്രളയം തുടരുന്നുണ്ട്. ചെന്നൈയിൽ വെള്ളക്കെട്ടും രൂക്ഷമാണ്. ശക്തമായ മഴയ്‌ക്കൊപ്പം വിവിധ അണക്കെട്ടുകൾ തുറന്നതുമാണ് വെള്ളക്കെട്ടിന് കാരണമായത്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽ തന്നെ തുടരുകയാണ്. ആന്ധ്രാപ്രദേശിലെ കടപ്പ, ചിറ്റൂർ, നെല്ലൂർ, പ്രകാശം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നുണ്ട്. ഇവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂന മർദ്ദം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ച് തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.