India National

ബി.ജെ.പിയുടെ ‘യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ബി.ജെ.പിയുടെ ‘വെട്രി വേല്‍ യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വ്യാഴാഴ്ച്ച മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിവരം അറിയിച്ചത്. കോവിഡ് കാരണമാണ് യാത്ര അനുവദിക്കാനാവാത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്.

തമിഴ്നാട്ടിലെ സഖ്യകക്ഷിയായ എ.ഐ.എ‍ഡി.എം.കെ സര്‍ക്കാരിന്‍റെ നടപടി ബി.ജെ.പി കനത്ത തിരിച്ചടിയായിരിക്കുകയാണ്. കോവിഡിന്‍റെ സാഹചര്യത്തിലാണ് യാത്രക്ക് അനുമതി നിഷേധിച്ചത്.

തമിഴ്നാട്ടിലെ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ വിശ്വസിക്കുന്ന മുരുകനെ ഉയര്‍ത്തിക്കാട്ടി വെട്രിവേല്‍ യാത്ര നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്. മുരുകനെയും വേലിനെയും സംരക്ഷിക്കാനാണ് യാത്രയെന്നായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനം. തിരുത്തണിയില്‍ നിന്നും തുടങ്ങി തിരുച്ചന്തൂരില്‍ അവസാനിക്കുന്ന തരത്തിലാണ് റോഡ് ഷോ തീരുമാനിച്ചിരുന്നത്. പഴനി, സ്വാമി മല, പഴമുതിര്‍ചോലൈ തുടങ്ങി ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെ കടന്ന് പോകുന്ന വെട്രിവേല്‍ യാത്ര രഥയാത്ര മാതൃകയിലാണ് ആവിഷ്‌കരിച്ചിരുന്നത്. യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ, സി.പി.എം, വിടുതലൈ ശിറുതൈകള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.