പൗരത്വ നിയമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത മുഴുവന്‍ കേസുകളും പരിശോധിക്കാന്‍ തമിഴ്‌നാട് നിയമമന്ത്രാലയത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. പൗരത്വ നിയമം, കാര്‍ഷിക നിയമം, ന്യൂട്രിനോ പ്രൊജക്ട്, കൂടംകുളം ആണവനിലയം, ചെന്നൈ സേലം എക്‌സ്പ്രസ് ഹൈവേ എന്നിവക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകളാണ് പിന്‍വലിക്കുന്നത്.
അക്രമാസക്തമല്ലാത്ത സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്ന് സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. വടക്കന്‍ തമിഴ്‌നാട്ടില്‍ 22,000 ആളുകള്‍ക്ക് തൊഴിലവസരം നല്‍കുന്ന വ്യവസായങ്ങള്‍ കൊണ്ടുവരുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ചെയ്യാറില്‍ 12,000 പേര്‍ക്കും ടിന്‍ഡിവനത്ത് 10,000 പേര്‍ക്കും തൊഴില്‍ നല്‍കുന്ന വ്യവസായ കേന്ദ്രങ്ങളാണ് സ്ഥാപിക്കുക. യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നത് തമിഴ്‌നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.