India National

ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് തമിഴ് മനില കോൺഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടിൽ സഖ്യകക്ഷിയുണ്ടാക്കി ബിജെപി. ‘തമിഴ് മണില കോൺഗ്രസ്’ (ടിഎംസി) ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ ജി.കെ വാസനാണ് പ്രഖ്യാപനം നടത്തിയത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിൽ ടിഎംസി മത്സരിക്കുമെന്ന് വാസൻ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടിൽ ബിജെപിയുടെ ആദ്യ ഔദ്യോഗിക സഖ്യമാണിത്. തമിഴ്നാടിൻ്റെയും തമിഴരുടെയും ക്ഷേമം, ശക്തവും സമൃദ്ധവുമായ ഇന്ത്യ തുടങ്ങിയവ പരിഗണിച്ചാണ് ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം. ഫെബ്രുവരി 27 ന് തിരുപ്പൂർ ജില്ലയിലെ പാലാടത്ത് നടക്കുന്ന പ്രധാനമന്ത്രിയുടെ റാലിയിലും താൻ പങ്കെടുക്കുമെന്നും വാസൻ പറഞ്ഞു.

വൻ ജനപിന്തുണയോടെ രണ്ടുതവണ ബിജെപി വിജയിച്ചതിന് തമിഴ്‌നാട്ടിലെ വോട്ടർമാർ സാക്ഷ്യം വഹിച്ചു. സാമ്പത്തിക വികസനവും പാവപ്പെട്ടവരുടെ ഉന്നമനവും ഉറപ്പാക്കാൻ കാവി പാർട്ടി മൂന്നാമത്തും അധികാരത്തിൽ വരണമെന്നാണ് അവരുടെ ആഗ്രഹം. മോദിയുടെ കീഴിലെ മൂന്നാം ഭരണം സാമ്പത്തിക അഭിവൃദ്ധിയിലേക്കും ദാരിദ്ര്യം കുറയ്ക്കുന്നതിലേക്കും നാടിനെ നയിക്കുമെന്ന് തമിഴ്‌നാട്ടിലെ വോട്ടർമാർ തിരിച്ചറിഞ്ഞതായും മുൻ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.