India National

മുല്ലപ്പെരിയാർ വിഷയം : തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മലയാള സിനിമാതാരങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് തമിഴ് സംഘടന

മുല്ലപ്പെരിയാർ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മലയാള സിനിമാതാരങ്ങൾ, തമിഴ് സിനിമയിൽ അഭിനയ്ക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് തമിഴക വാഴ് വുരുമൈ സംഘം അധ്യക്ഷൻ വേൽമുരുകൻ. ( tamil association against malayalam actors )

ജലനിരപ്പ് ഉയർന്നാൽ ഡാം തകരുമെന്നും അഞ്ച് ജില്ലകളിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ തെറ്റാണ്. അണക്കെട്ടിന് ബലക്ഷയം ഇല്ലെന്ന് വിവിധ സമിതികളുടെ റിപ്പോർട്ടുമുണ്ട്. ഈ സാഹചര്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെുക്കണമെന്നും വേൽമുരുകൻ ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.

tamil association against malayalam actors

അതേസമയം, മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ഗുരുതര സാഹചര്യമാണെന്ന് സംസ്ഥാന സർക്കാർ ഉൾപ്പെടെ ഹർജിക്കാർ ഇന്നലെ സുപ്രിംകോടതിയിൽ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു. ഡാമിലെ ജലനിരപ്പ് 139 ആയി നിലനിർത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് വീണ്ടും പാസാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ നിലപാടറിയിക്കാൻ കേന്ദ്രത്തിന് സുപ്രിംകോടതി നിർദേശം നൽകി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജികൾ നാളെ പരിഗണിക്കാനായി മാറ്റി.

മുല്ലപ്പെരിയാർ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക ക്യാമ്പെയ്‌നാണ് ഉയർന്നിരിക്കുന്നത്. ഒരു ഡാമിന്റെ സ്വാഭാവിക കാലാവധി 50 വർഷമാണെന്നിരിക്കെ മുല്ലപ്പെരിയാർ ഡാം നിർമിച്ചിട്ട് 126 വർഷമായി. അണക്കെട്ടിന്റെ ബലക്ഷയത്തെ തുടർന്ന് ഡികമ്മിഷൻ നീക്കം നടന്നെങ്കിലും തമിഴ്‌നാട് അതിനെ എതിർത്തു. ഇക്കാര്യത്തിൽ കേരളവും തമിഴ്‌നാടും തർക്കം തുടരുകയാണ്.