India National

ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി

കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി. നാളെയാണ് കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള എട്ടാം വട്ട ചർച്ച.

കാർഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിർത്തികളിലെ സമരം 43 ദിവസം പിന്നിടുമ്പോള്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ടാക്ടർ റാലി. തിക്രി, ഗാസിപൂർ സിംഗു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുക.

റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. കർഷക സംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരുകയാണ്. ദേശ് ജാഗരൺ അഭിയാനും ഇന്നലെ ആരംഭിച്ചിരുന്നു. രാജസ്ഥാന്‍ – ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിലുള്ള പ്രതിഷേധക്കാർ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധവും നടത്തും. കർഷകർ സമരം ശക്തമാക്കിയതോടെ ഡല്‍ഹിയിലും അതിർത്തി മേഖലകളിലും പൊലീസ് വിന്യാസം വർധിപ്പിച്ചു.