India National

ത​ബ്​​രീ​സ്​ അ​ൻ​സാ​രി​യു​ടെ കു​ടും​ബം നീ​തി​ക്കാ​യി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ജയ് ശ്രീരാം വിളിക്കാത്തതിന് ഝാര്‍ഖണ്ഡില്‍ സംഘ്പരിവാര്‍ കൂട്ടം തല്ലിക്കൊന്ന തബ്‍രീസ് അന്‍സാരിയുടെ കുടുംബം നീതിക്കായി സുപ്രീംകോടതിയിലേക്ക്. പ്രതികളില്‍ ഭൂരിഭാഗം പേരെയും കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സഹായത്തോടെ നീതിതേടി സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ജൂണ്‍ 18നാണ് രാത്രിയില്‍ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്ന തബ്‍രീസിനെ ജയ്ശ്രീരാം വിളിക്കണമെന്നാവശ്യപ്പെട്ട് ക്രൂരമായി തല്ലി അവശനാക്കിയത്. അക്രമികള്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ തബ്‍രീസ് മരണപ്പെട്ടപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ മരണകാരണം ഹൃദയസ്തംഭനമാണെന്ന് ഡോക്ടര്‍മാരില്‍ ചിലര്‍ വരുത്തി തീര്‍ത്തു. ഇത് പ്രതികള്‍ക്കുവേണ്ടി കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഭാര്യ ഷഹിസ്ത ആരോപിച്ചിരുന്നു.

സുപ്രീംകോടതി അഭിഭാഷകന്‍ ഫുസൈല്‍ അയ്യൂബിയുമായി തബ്‍രീസിന്റെ വിധവ ഷഹിസ്ത പര്‍വീണ്‍, മാതാവ് ഷഹനാസ് ബീഗം, തബ്‍രീസിന്റെ മാതൃസഹോദരന്‍ അക്ബര്‍ അന്‍സാരി ഇതുസംബന്ധിച്ച് യൂത്ത് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. തബ്‍രീസിന്റെ കുടുംബത്തിന്റെ നീതിക്കായുള്ള നിയമപോരാട്ടത്തില്‍ കുടുംബത്തിന് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് സി.കെ. സുബൈര്‍ പറഞ്ഞു.