മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി കർണാടക സർക്കാർ. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവം പുനെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഗോവയിലേക്ക് അടുത്തിടെ ഇയാൾ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയ തോതിലുള്ള ക്രമീകരണങ്ങൾ കർണാടക ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധന ഫലം പുറത്തുവരുമ്പോഴേക്കും ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.