Europe India Pravasi Switzerland World

സ്വിസ്സ് കോൺഫെഡറേഷൻ 1291 മുതൽ 1848 വരെ.. ജോസ് വള്ളാടിയിൽ

ദേശീയ ദിനാചരണങ്ങൾക്ക് ലോക രാജ്യങ്ങൾ വലിയ പ്രാധാന്യം നൽകിവരുന്നുണ്ട്.  മാതൃരാജ്യത്തോടുള്ള കൂറും സ്നേഹവും ദേശീയ ബോധവും പൗരന്മാരിൽ വളർത്തുവാൻ ഈ ആഘോഷങ്ങൾ സുപ്രധാന പങ്കു വഹിക്കുന്നു. ദേശീയ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള വീരനേതാക്കളുടെ സാഹസിക ജീവചരിത്രം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും കലാ സാഹിത്യ മേഖലകളിലൂടെ അവതരിപ്പിക്കുന്നതും ജനമനസ്സുകളെ സ്വാധിനിക്കുന്ന ഘടകങ്ങളാണ്.

Jose Valladiyil-Autor

സ്വിറ്റ്‌സർലൻഡ് എന്ന കൊച്ചു രാജ്യം എല്ലാവർഷവും ഓഗസ്റ്റ് ഒന്നിനാണ്  ദേശീയദിനം  ആഘോഷമായി കൊണ്ടാടുന്നത്.  ഈ രാജ്യ രൂപീകരണത്തിനു തുടക്കം കുറിച്ച ഒരു സംഭവവുമായി ബന്ധപ്പെട്ട വർഷവും തിയതിയുമാണ് 1291 ഓഗസ്റ്റ് ഒന്ന്.  എന്നാൽ 600 വർഷങ്ങൾക്ക് ശേഷം 1891 ഓഗസ്റ്റ് ഒന്നിനാണ് ആദ്യമായി ഇപ്രകാരം ഒരു ആഘോഷം നടന്നത്. വീണ്ടും എട്ട് വർഷങ്ങൾക്ക് ശേഷം 1899 മുതലാണ് എല്ലാവർഷവും ഓഗസ്റ്റ് ഒന്ന് ദേശീയ ദിനമായി ആചരിക്കാൻ തുടങ്ങിയത്. എങ്കിലും 1993 വരെ എല്ലാ കൺറ്റോണുകളും (സംസ്ഥാനം) പൂർണ്ണ അവധിദിനമായി  പ്രഖ്യാപിച്ചിരുന്നില്ല. ചിലയിടങ്ങളിൽ  ദിവസത്തിന്റെ പകുതി മാത്രം അവധി നൽകിയിരുന്നു. 1993 സെപ്റ്റംബർ 26 ന് നടത്തിയ ജനഹിത പരിശോധനയിൽ 83 .8 ശതമാനം ആളുകളും ദേശീയ ദിനത്തിന് പൊതു അവധി നൽകണമെന്ന് വോട്ട് രേഖപ്പെടുത്തുകയും രാജ്യമൊട്ടാകെ അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. അതായത് 1994 ഓഗസ്റ്റ് ഒന്നിനാണ് രാജ്യം മുഴുവൻ അവധി ലഭ്യമായ ആദ്യ ദേശീയദിനാചരണം നടന്നത്. ഓഗസ്റ്റ് രണ്ട്  പ്രവർത്തിദിനമായതുകൊണ്ട് ആഘോഷപരിപാടികളുടെ ക്ഷിണം ഉണ്ടാകാതിരിക്കാൻ പല കൺറ്റോണുകളും ജൂലൈ 31 ന് രാത്രി ഔദ്യോഗിക ആഘോഷങ്ങൾ നടത്തിവരുന്നു. ആധുനിക സാങ്കേതികവിദ്യകളോടെ നടത്തുന്ന വർണ്ണപ്പകിട്ടേറിയ വെടിക്കെട്ട് ആഘോഷങ്ങളുടെ അഭിഭാജ്യ ഘടകമാണ്.

 റ്യുട്ട്ലി പ്രതിജ്ഞ ( Rütlischwür)

കന്റോൺ ഉറി (Uri ) യുടെ ഭാഗമായ റ്യുട്ട്ലി പുൽമേട്ടിൽ 1291 ൽ മൂന്ന്  പേരുടെ നേതൃത്വത്തിൽ നടന്ന ഒരു പ്രതിജ്ഞയാണ്   ഈ രാജ്യത്തിന്റെ ഉത്ഭവത്തിനു നിമിത്തമായ ആദ്യസംഭവമായി കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം 1857 ലെ ശിപായി ലഹള ആണെന്ന് പറയുന്നതുപോലെ ഇതിനെയും കണക്കാക്കാവുന്നതാണ്. പതിനൊന്നാം നൂറ്റാണ്ടിൽ യൂറോപ്പിൽ പടർന്ന് പന്തലിച്ച് ഭരണം നടത്തിയിരുന്ന റോയൽ ഡിനാസ്റ്റി ആയിരുന്നു ഹാബ്‌സ് ബുർഗ്.  A.D 1020 ൽ ഇന്നത്തെ കന്റോൺ ആർഗാവിൽ കൊട്ടാരം പണിത് അവർ ഭരണം തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം ഗവർണർമാരെ (Landvogt ) നിയമിച്ച് അവർ മേധാവിത്വം ഉറപ്പിച്ചു.  ഇവരുടെ ക്രൂരതകളിലും ചുഷണങ്ങളിലും ജനം പൊറുതി മുട്ടി.  ഉറി, ഷ്‌വിറ്റ്സ്‌, ഉണ്ടർവാൾഡൺ  എന്നീ ആൽപ്‌സ് പ്രവശ്യകളിലെ മൂന്ന് പ്രമുഖർ കൂട്ടായ ആലോചനകൾക്ക് ശേഷം റ്യുട് ലിയിൽ യോഗം ചേർന്നു.  ഹാബ്‌സ് ബർഗിന്റെ അനീതികൾക്കും ചൂഷണങ്ങൾക്കും എതിരെ ഒരുമിച്ച് നിന്ന് പോരാടുക എന്ന ശക്തമായ പ്രതിജ്ഞ എടുത്തുകൊണ്ടാണ് അവർ പിരിഞ്ഞത്.  ഇത് റ്യുട്ട്ലി പ്രതിജ്ഞ ( Rütlischwur) എന്ന പേരിൽ ചരിത്രത്തിൽ എഴുതപ്പെട്ടു.

ലൂസേൺ തടാകത്തിന്റെ തെക്ക് വശത്തെ പുൽത്തകിടിയിൽ 1291 ൽ നടന്ന ഈ പ്രതിജ്ഞയാണ് സ്വിസ്സ് കോൺഫെഡറേഷന്റെ തുടക്കത്തിന് നിമിത്തമായതെന്ന് ചരിത്രം പറയുന്നു. ഈ സഖ്യ ഉടമ്പടിയാണ് ( Letter of Alliance, Bundesbrief ) കോൺഫെഡറേഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് ലഭ്യമായിട്ടുള്ള ഏറ്റവും പുരാതന രേഖ.

എല്ലാ വർഷവും ഓഗസ്റ്റ് ഒന്നിന് രാജ്യത്തെ ഉന്നതരടങ്ങിയ സംഘം ഈ പുൽത്തകിടിയിൽ ആഘോഷങ്ങൾക്കായി ഒത്തു ചേരുന്നു.

ഈ പ്രതിജ്ഞ നടന്ന വർഷത്തെപ്പറ്റി ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട്  ഈ സഹകരണവും ഐക്യവും ഇതര പ്രവശ്യകളിലേക്ക് വ്യാപിക്കുകയുണ്ടായി. ലൂസേൺ (1332 ), ഗ്ലാറുസ് (1352), സുഗ് (1352 ), ബേൺ (1353), എന്നീ പ്രവശ്യകളും സഹകരണ അടിസ്ഥാനത്തിലുള്ള കോൺഫെഡറേഷനിലേക്ക് ചേർന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും ആഭ്യന്തര കലഹങ്ങൾ കൺടോണുകൾക്കിടയിൽ നിലനിന്നിരുന്നു.  പ്രദേശങ്ങൾ തമ്മിലുള്ള അസമത്വങ്ങളും മതത്തിന്റെ ആധിപത്യവും മാർപ്പാപ്പയും ഭരണക്കാരും തമ്മിലുള്ള പ്രശ്നങ്ങളും ഐക്യത്തിന് തടസ്സമായിരുന്നു.

ഹെൽവെറ്റിക് റിപ്പബ്ലിക്  ( 1798 – 1803 )

നിരവധി അസന്തുലിതാവസ്ഥകളും കലാപങ്ങളും ഏറ്റുമുട്ടലുകളുമായി പഴയ കോൺഫെഡറേഷൻ ഇക്കാലഘട്ടത്തിൽ മുന്നോട്ട് പോയി . രാജ്യത്തെ പല പ്രമുഖരും സൂറിച്ചിൽ ഒത്തുചേർന്ന് ഹെൽവെറ്റിക് സംഘം എന്ന പ്രസ്ഥാനം രൂപീകരിച്ച് ശക്തമായ ഒരു രാജ്യത്തിനായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഫ്രഞ്ച് വിപ്ലവത്തിൽ നിന്നും ആവേശം ഉൾക്കൊണ്ട ഇവർ ഒരു ഹെൽവെറ്റിക് റിപ്പബ്ലിക് ഇവിടെയും ആവശ്യമാണെന്ന പ്രചാരണം ശക്തമാക്കി. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷം 1798 ൽ നെപ്പോളിയൻ ചക്രവർത്തി ശക്തമായൊരു സൈന്യവുമായി സ്വിറ്റ്സർലന്റിൽ എത്തി. പ്രധാനമായും രണ്ട് ലക്ഷ്യങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

1 . ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലേക്ക് എത്തുന്നതിനുള്ള എളുപ്പവഴി സ്വിറ്റ്സർലന്റിലുടെ ആണെന്ന തിരിച്ചറിവ്

2 . അദ്ദേഹത്തിന്റെ യുദ്ധാവശ്യങ്ങൾക്കുള്ള പണം പിടിച്ചെടുക്കുക.

ഈ രാജ്യത്തുനിന്നും ധാരാളം സ്വർണ്ണം അദ്ദേഹം കൊണ്ടുപോയി. ബേണിൽ നിന്ന് മാത്രം മൂന്നര ടൺ സ്വർണ്ണം പിടിച്ചെടുത്തതായി ചരിത്രം പറയുന്നു.

ഹെൽവെറ്റിക് റിപ്പബ്ലിക് എന്ന ആശയം പ്രാബല്യത്തിൽ വരുവാൻപ്രധാന പങ്ക് വഹിച്ചത് നെപ്പോളിയനായിരുന്നു.   . ആറാവ് തലസ്ഥാനമായി 1798 ൽ ഹെൽവെറ്റിക് റിപ്പബ്ലിക് സ്ഥാപിതമായി. തുടർന്ന് തലസ്ഥാനം ലൂസേൺ , ബേൺ എന്നിവിടങ്ങളിലേക്കും മാറ്റിയിരുന്നു. ആവശ്യമായ ഭരണഘടനയും നെപ്പോളിയൻ തയ്യാറാക്കി നൽകിയിരുന്നു. 1802 ൽ നെപ്പോളിയൻ തന്റെ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുകയും 1803 ൽ ഹെൽവെറ്റിക് റിപ്പബ്ലിക് തകരുകയും ചെയ്തു.

തകർച്ചയുടെ പ്രധാന കാരണങ്ങൾ ഇവയാണ് :

1 . യൂറോപ്പിന്റെ യുദ്ധഭൂമിയായി സ്വിറ്റ്‌സർലൻഡ് മാറി.

നെപ്പോളിയനെ  തടയാൻ ഓസ്ട്രിയൻ സൈന്യം സ്വിസ്സിൽ എത്തി. എന്നാൽ റൈൻ നദിക്ക് കുറുകെ ഷാഫ് ഹൌസനിൽ ഉണ്ടായിരുന്ന പാലം തകർത്തുകൊണ്ട് ഫ്രഞ്ച് സൈന്യം ഓസ്ട്രിയക്ക് മറുപടി നൽകി .റഷ്യയും ഓസ്ട്രിയയും ഒരുമിച്ച് ഫ്രാൻസിനെതിരെ സൂറിച്ചിൽ അതിശക്തമായ യുദ്ധം നടന്നു. ജനം ഭീതിയിലും ദാരിദ്ര്യത്തിലും പൊരുതി മുട്ടി.

The Battle of Zurich, 25 September 1799.

2 . സ്വിസ്സ്  നേതാക്കൾ ഇക്കാലയളവിൽ രണ്ടു തട്ടിലായി ആശയപ്രചരണം തുടങ്ങി. ഒരു വിഭാഗം ഏകരാജ്യം എന്ന ആശയത്തിൽ മുന്നോട്ട് പോയപ്പോൾ മറുവിഭാഗം ഫെഡറൽ ചിന്തക്ക് കൂടുതൽ പ്രാധാന്യം നൽകി.

ഒരിക്കലും പരസ്പരം പൊരുത്തപ്പെടാതിരുന്ന കൺടോണുകൾ (സംസ്ഥാനം) തമ്മിലുള്ള ഏറ്റുമുട്ടലുകളും പതിവായി.

3 . സാമ്പത്തിക ഞെരുക്കം ഹെൽവെറ്റിക് റിപ്പബ്ലിക്കിനെ മുന്നോട്ട് നയിക്കുന്നതിന് വലിയ തടസ്സമായി. ഉയർന്ന നികുതിയും ജനത്തെ ബുദ്ധിമുട്ടിപ്പിച്ചു.

നെപ്പോളിയൻ സൈന്യത്തെ പൂർണ്ണമായും പിൻവലിച്ചതോടെ ഹെൽവെറ്റിക് റിപ്പബ്ലിക്കിന്റെ പതനം പൂർണ്ണമായി. എങ്കിലും അധുനിക  സ്വിറ്റ്‌സർലൻഡ് രൂപീകരണത്തിന് വലിയ സംഭാവനകൾ ഹെൽവെറ്റിക് നൽകിയിരുന്നു. ഏകരാജ്യം എന്ന ചിന്ത, ശക്തമായൊരു കറൻസി, മതവും രാഷ്ട്രിയവും വേര്പിരിയണമെന്ന ആശയം ഇവയൊക്കെ ഹെൽവെറ്റിക് റിപ്പബ്ലിക്കിന്റെ നേട്ടങ്ങളാണ്.

ഹെൽവെറ്റിക് റിപ്പബ്ലിക് തകർന്ന ശേഷം രാജ്യം അരാജകത്വത്തിലേക്ക് നീങ്ങി. ഹെൽവെറ്റിക്കിലെ 70 പ്രതിനിധികൾ പാരിസിലെത്തി നെപ്പോളിയന്റെ സഹായം തേടി. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് സമാധാനത്തോടെ മുന്നോട്ട് പോകുന്നതിനായുള്ള ഒരു മീഡിയേഷൻ കാലഘട്ടത്തിലേക്ക് രാജ്യം പ്രവേശിച്ചു.

ചേരിചേരാ നയം യൂറോപ്പിൽ തുടരുക, കൺടോണുകളുടെ വൈവിധ്യം മനസ്സിലാക്കി ഫെഡറൽ സ്വഭാവത്തിൽ മാത്രം സർക്കാർ രൂപീകരിക്കുക എന്നീ നിർദ്ദേശങ്ങൾ നെപ്പോളിയൻ നൽകി. മാത്രവുമല്ല കൺറ്റോണുകളുടെ അതിർത്തി അദ്ദേഹം തീരുമാനിച്ച് നൽകുകയും ചെയ്തു. വാലിസ്‌ പ്രവിശ്യ ഫ്രാൻസിന്റെ ഭാഗമായി നിലനിറുത്തി. സിമ്പ്ളോൻ പാസ് വഴി ഇറ്റലിയിലേക്ക് പോകുന്നതിനുള്ള സൗകര്യത്തെ മുൻനിറുത്തിയാണ് ഇപ്രകാരം ചെയ്തത്. അതുപോലെ ജനീവയും ഫ്രാൻസിന്റെ ഭാഗമാക്കി. ഇപ്രകാരം പുതിയൊരു കോൺഫെഡറേഷനുള്ള വ്യവസ്ഥകളും നിയമാവലിയും അദ്ദേഹം തയ്യാറാക്കി നൽകി.

നെപ്പോളിയന്റെ പതനത്തിനുശേഷം 1815 ലെ വിയന്ന കോൺഗ്രസ്സിൽ വച്ച് ജനീവയും വാലിസും വീണ്ടും സ്വിറ്റ്സർലാന്റിനോട് ചേർക്കപ്പെട്ടു. 1830 വരെ ഘട്ടം ഘട്ടമായി ഭരണപരിഷ്കാരങ്ങളും ഭരണ സംവിധാനങ്ങളും ഫെഡറൽ സ്വഭാവവും കന്റോൺ  അതിർത്തി പ്രശ്നങ്ങളും സമാധാനപരമായ ചർച്ചകളിലൂടെ മുന്നോട്ട് പോയിരുന്നു. എങ്കിലും ഈ സമാധാനം ബാസലിൽ ഉണ്ടായില്ല. ലിബറൽ നേതാക്കളുടെ നേതൃത്വത്തിൽ ബാസൽ ലാൻഡ് വേർപിരിയാൻ ശ്രമങ്ങൾ  തുടങ്ങി. കൺസർവേറ്റിവ് നേതാക്കൾ ഭരിച്ചിരുന്ന ബാസൽ സിറ്റിയുമായി ഒരിക്കലും അവർക്ക് പൊരുത്തപ്പെടാനായില്ല. ലിസ്റ്റാളിൽ അവർ പുതിയ ഭരണസംവിധാനം ആരംഭിച്ചു. 1831 ൽ ബാസൽ സിറ്റി ലാൻഡിനെതിരെ മിലിറ്ററി ആക്രമണം തുടങ്ങി. ലിസ്റ്റാളിൽ രക്തരൂക്ഷിത യുദ്ധം നടന്നു. കേന്ദ്രം ഇടപെടുകയും സമാധാന ചർച്ചകൾ ക്ക് ശേഷം  ബസലിനെ രണ്ട് കൺറ്റോണുകളാക്കി വിഭജിച്ച് പ്രശനം പരിഹരിക്കുകയും ചെയ്തു.

1840 നും 1848 നും ഇടയിൽ കൺസർവേറ്റിവ് ചിന്താഗതിക്കാരും ലിബറൽ ചിന്താഗതിക്കാരും വിവിധ കൺറ്റോണുകളുടെ ഭരണം നിർവഹിച്ചിരുന്നു. ഇവരുടെ പിന്നിൽ കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുമായിരുന്നു. പല കൺടോണുകളും തമ്മിൽ ഉണ്ടായിരുന്ന പൊരുത്തക്കേടുകൾ വളർന്ന് 1847 ൽ  ആഭ്യന്തര യുദ്ധത്തിന് വഴിയൊരുക്കി. ഒരു മാസത്തോളം നീണ്ടുനിന്ന ഈ യുദ്ധം ആർമി ജനറൽ  ഹെൻറി ഡുഫോറിന്റെ (Henri Dufour) നേതൃത്വത്തിൽ അടിച്ചമർത്തി. സ്വിസ്സ് മണ്ണിൽ നടന്ന അവസാനത്തെ സൈനിക നടപടിയായിരുന്നു ഇത്.  ഈ ലഹളയുടെ അനന്തര ഫലമെന്നോണം കോൺഫെഡറേഷൻ പുതിയ രൂപത്തിലും ഭാവത്തിലും 1848 ൽ പുനർജനിച്ചു.

സ്വിസ്സ്  കോൺഫെഡറേഷൻ  1848

സ്വിസ് കോൺഫെഡറേഷന്റെ ഉത്ഭവം ശരിക്കും നടന്നത് 1848 ലാണ് . ശക്തമായ ഭരണഘടനയോടെ ഫെഡറൽ സംവിധാനത്തിൽ ജനാധിപത്യ രാഷ്ട്രമായി സ്വിറ്റ്‌സർലൻഡ് പിറവി കൊണ്ടു. എന്നാൽ 1291 ലെ തുടക്കത്തിന്റെ പ്രാധാന്യം ചരിത്രത്തിൽ നിലനിറുത്തി. ആധുനിക  സ്വിസ്സ് കോൺഫെഡറേഷൻ ശക്തമായ ഭരണഘടനയുടെ പിൻബലത്തോടെ 1848 ൽ രൂപീകൃതമായി എന്ന് എഴുതപ്പെടുകയാണ് ഉണ്ടായത്.  പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലൂടെ രാജ്യ തലസ്ഥാനമായി ബേൺ തീരുമാനിക്കപ്പെട്ടു. സൂറിച്ച് , ലൂസേൺ , ബേൺ എന്നീ നഗരങ്ങളായിരുന്നു തലസ്ഥാനത്തിനായി മത്സരിച്ചത്.

ജനാധിപത്യ സ്വഭാവത്തിൽ ശക്തമായ ഭരണഘടനാധിഷ്ഠിതമായി സ്വിസ്സ് കോൺഫെഡറേഷൻ അറിയപ്പെട്ടിരുന്നെങ്കിലും സ്ത്രീകൾക്ക് വോട്ടവകാശം നൽകിയിരുന്നില്ല.  1971 ഫെബ്രുവരിയിൽ രാജ്യമൊട്ടാകെ നടത്തിയ ഹിതപരിശോധനയിൽ അനുകൂല വിധി വന്ന ശേഷം മാത്രമാണ് സ്ത്രീകൾക്ക് ഈ അവകാശം ലഭ്യമായത്. എങ്കിലും അപ്പൻസെൽ ഇന്നർ റോഡൻ എന്ന കന്റോൺ ഈ പൗരാവകാശം സ്ത്രീകൾക്ക് നൽകിയില്ല. രാജ്യത്തെ പരമാധികാരക്കോടതിയുടെ ഇടപെടൽ ഉണ്ടായതിനുശേഷം മാത്രം 1990 ലാണ് ഈ കന്റോൺ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയത്.

C H

ബി സി ഒന്നാം നൂറ്റാണ്ടിൽ ജർമനിയുടെ തെക്കും സ്വിറ്റ്സർലന്റിന്റെ മധ്യ ഭാഗങ്ങളിലും താമസിച്ചിരുന്ന സെൽറ്റിക് വംശത്തിലെ ഒരു വിഭാഗമാണ് ഹെൽവെറ്റിയർ എന്ന് അറിയപ്പെടുന്നത്. ഈ വംശ നാമമാണ് ഹെൽവെറ്റിക് റിപ്പബ്ലിക്കിന്റെ ഉറവിടം. 1848 ൽ ഭരണഘടനാ രൂപം കൊണ്ടപ്പോൾ കോൺഫെഡറേഷൻ ഓഫ് സ്വിറ്റ്‌സർലൻഡ് എന്നത് സ്വിസ്സിലെ നാല് ഭാഷകളിലും കൂടാതെ ലാറ്റിൻ ഭാഷയിലും എഴുതപ്പെട്ടു.

Confoederatio Helvetica എന്നത് ഹെൽവെറ്റിക് കോൺഫെഡറേഷന്റെ ലാറ്റിൻ   രൂപമാണ്. നാല്  ഭാഷകളുള്ള ഈ ചെറു രാജ്യത്തിന്റെ അന്താരാഷ്ട്ര  മേൽവിലാസത്തിനു ഉചിതമെന്ന് കണ്ടത് ലാറ്റിൻ ഭാഷയിലിൽ നിന്നുള്ള ചുരുക്കെഴുത്തായ CH ആണ്. തപാൽ സ്റ്റാമ്പിലും നാണയത്തിലുമെല്ലാം Helvetia എന്ന ലാറ്റിൻ പദമാണ് ഉപയോഗിച്ചിരിക്കുന്നത്.

————————————————————————————————————————————-