India National

സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായിട്ട് 6 ദിവസമാകുന്നു

ഉത്തര്‍പ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായിട്ട് 6 ദിവസമാകുന്നു. കുറ്റക്കാർ പ്രബലരായതിനാൽ പൊലീസ് സമ്മർദ്ദത്തിൽ ആണെന്നും ജീവിച്ചിരിക്കുന്നതു വരെ നീതിക്കായി പോരാടുമെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.പെൺകുട്ടിയെ സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് പ്രതികരിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഷാജഹാന്‍പൂര്‍ എസ്.എസ് നിയമ കോളജിലെ വിദ്യാര്‍ത്ഥി പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും വീഡിയോ സന്ദേശം അയച്ചത്. സ്വാമി ചിന്മയാനന്ദ് ജീവിതം നശിപ്പിച്ച നിരവധി പേരുണ്ടെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പെൺകുട്ടി ദൃശ്യം അപ്‌ലോഡ് ചെയ്തത് . എന്നാൽ തൊട്ടുപിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്തെന്ന് മാതാപിതാക്കൾ പറയുന്നു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് അഞ്ച് ദിവസത്തിനു ശേഷമാണ്. തുടർ നടപടികൾ ഉണ്ടായിട്ടില്ല.

ഫോൺ സ്വിച്ച് ഓഫ് ആവുകയാണെങ്കിൽ അപകടത്തിൽപ്പെട്ടിട്ടുണ്ടാകുമെന്നാണ് സൂചന എന്ന് നേരത്തെ പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. പോരാടുന്നത് രാഷ്ട്രീയമായി സ്വാധീനമുള്ളവരോടും കുറ്റവാളികളായ ആളുകളോടും ആണെന്ന് ബോധ്യം ഉണ്ട്. അവസാനം വരെ പോരാടും. കുറ്റവാളികൾ പ്രബലർ ആയതിനാൽ പൊലീസിന് സമ്മർദ്ദം ഉണ്ടെന്നും മകളെ തിരിച്ചുകൊണ്ടുവരാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ചില സൂചനകൾ പെൺകുട്ടിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നുമാണ് പൊലീസ് പ്രതികരണം. മറ്റൊരു ഉന്നാവോ സംഭവമാക്കി ഇതിനെ മാറ്റരുത് എന്നും ശക്തമായ ഇടപെടൽ വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.