India National

ലാലു എന്‍ഡിഎ എം.എല്‍.എമാരെ ചാക്കിടാന്‍ ശ്രമിക്കുന്നുവെന്ന് സുശീല്‍കുമാര്‍ മോദി

ബിഹാറില്‍ ലാലുപ്രസാദ് യാദവ് എന്‍.ഡി.എ, എം.എല്‍.എമാരെ ചാക്കിട്ട്പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി. ലാലു എം.എല്‍.എമാരെ വിളിച്ചെന്ന് പറയുന്ന നമ്പറും അദ്ദേഹം പുറത്തുവിട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ലാലു പ്രസാദ് യാദവ് റാഞ്ചിയില്‍ നിന്ന് എന്‍.ഡി.എ എം.എല്‍.എമാരെ വിളിച്ച് മന്ത്രിസ്ഥാനം വാഗ്ദാന ചെയ്യുന്നു, ന്യൂസ് 18 ബിഹാര്‍, എബിപി ന്യൂസ്, എ.എന്‍.ഐ, സീ ബിഹാര്‍ ന്യൂസ് എന്നീ ചാനലുകളെ ടാഗ് ചെയ്ത് സുശീല്‍ കുമാര്‍ മോദി ട്വീറ്റ് ചെയ്യുന്നു. ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു, ലാലു നേരിട്ട് ഫോണ്‍ എടുത്തു, ജയിലില്‍ കിടന്ന് ഇത്തരം വൃത്തികെട്ട കളികള്‍ കളിക്കരുതെന്നും അതില്‍ താങ്കള്‍ വിജയിക്കില്ലെന്ന് പറഞ്ഞതായും സുശീല്‍ കുമാര്‍ മോദി ട്വിറ്ററില്‍ എഴുതുന്നു. അതേസമയം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നാല്‍ ബി.ജെ.പി എം.എല്‍.എയെ മന്ത്രിയാക്കാമെന്ന് ആര്‍.ജെ.ഡി നേതാവ് പറയുന്ന ശബ്ദസന്ദേശവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍.ഡി.എ ഭരണം നിലനിര്‍ത്തിയത്. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും അടങ്ങുന്ന മഹാഗഡ്ബന്ധന്‍ 110 സീറ്റുകള്‍ നേടി. 75 സീറ്റുകള്‍ നേടിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.