ഹോളിയുമായി ബന്ധപ്പെട്ട പരസ്യ ചിത്രത്തിന് ശേഷം സര്‍ഫ് എക്സലിന് സംഘപരിവാര്‍ അനുഭാവ പ്രവര്‍ത്തകരില്‍ നിന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി നേരിടേണ്ടി വന്നത് വലിയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ്. എന്നാല്‍ പ്രതിഷേധങ്ങളില്‍ വഴി തെറ്റിയ ചിലര്‍ സര്‍ഫ് എക്സലെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധം അറിയിച്ചത് മൈക്രോസോഫ്റ്റിന്റെ എക്സല്‍ ആപ്ലിക്കേഷന്റെ ഗൂഗിള്‍ സ്റ്റോറിലാണ്. സര്‍ഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച പ്രതിഷേധക്കാര്‍ വലിയ രീതിയിലുള്ള ബഹിഷ്ക്കരാണാഹ്വാനങ്ങള്‍ക്കാണ് മൈക്രോ സോഫ്റ്റിന്റെ എക്സല്‍ ആപ്പിന് കീഴെ വന്നിരിക്കുന്നത്. പ്രതിഷേധം കനപ്പിച്ച ചിലര്‍ വൺ സ്റ്റാര്‍ നല്‍കിയാണ് ‘എക്സലി’നോട് ‘പകരം’ വീട്ടിയത്. പാക്കിസ്ഥാനിലേക്ക് പോകണമെന്ന ആഹ്വാനവും കമന്റുകളില്‍ കാണാവുന്നതാണ്.
സംഘപരിവാര്‍ ബഹിഷ്ക്കരണ ആഹ്വാനങ്ങള്‍ക്ക് ശേഷം സര്‍ഫ് എക്സലിന് സാമൂഹിക മാധ്യമങ്ങളില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. ഫേസ്ബുക്കിലും യൂട്യൂബിലും മില്യണ്‍ കണക്കിന് പിന്തുണയുമായാണ് ഡിറ്റര്‍ജന്റ് കമ്പനി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. പരസ്യം വലിയ വിവാദമാകുന്നതിന് മുമ്പ് ഫേസ്ബുക്ക് പേജിന് 829000 പേരാണ് ലൈക്കടിച്ചിരുന്നതെങ്കില്‍ സംഘപരിവാര്‍ വിവാദം ആളിക്കത്തിച്ചതിന് ശേഷം കമ്പനി സ്വന്തമാക്കിയത് ഒന്നര മില്യണ്‍ ലൈക്കുകളാണ്. യൂട്യൂബിലും കമ്പനിയുടെ പരസ്യത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എട്ട് മില്യണില്‍ കൂടുതല്‍ പേര്‍ കണ്ട വീഡിയോ പരസ്യത്തിന് താഴെ ഫേസ്ബുക്ക്/യൂട്യൂബ് എന്നിവകളിലെ എന്‍ഗേജ്മെന്റുകളിലും വലിയ നേട്ടമാണ് സര്‍ഫ് ഈയൊരൊറ്റ പരസ്യത്തിലൂടെ സ്വന്തമാക്കിയത്. പരസ്യം വിവാദമായതിന് ശേഷം നിരവധി പേര്‍ സര്‍ഫ് എക്സലിന്റെ ഉത്പന്നങ്ങള്‍ മാത്രമേ വാങ്ങൂ എന്ന രീതിയില്‍ ക്യാംമ്പ്യന്‍ നടത്തിയതും കമ്പനി പരസ്യത്തിലൂടെ നേടിയ മികവാണ്. ട്വിറ്ററിലും വലിയ രീതിയിലാണ് വീഡിയോ പരസ്യത്തെ ഏറ്റെടുത്തിരിക്കുന്നത്.
മതസൗഹാര്‍ദ പരസ്യവുമായി സര്‍ഫ് എക്സല്‍; പ്രകോപിതരായി സംഘപരിവാര്‍
മതസൗഹാര്‍ദത്തെ ഊട്ടിയുറപ്പിക്കുന്ന പരസ്യം ഹിന്ദു ആഘോഷമായ ഹോളിയെ തെറ്റായ രീതിയില്‍ കാണിക്കുന്നെന്നും ലൗ ജിഹാദിനെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നുമാണ് ഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രധാന പരാതി. ഡിറ്റര്‍ജന്റ് കമ്പനിക്കെതിരെ ഓൺലൈന്‍ പ്ലാറ്റ്ഫോമായ ട്വിറ്ററിലൂടെ #BoycottSurfExcel എന്ന ഹാഷ്ടാഗോടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള സര്‍ഫ് എക്സലിന്റെ പരസ്യത്തെ അതേ സമയം അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇപ്പോഴും കമ്പനിയുടെ ഫേസ്ബുക്ക് പരസ്യത്തിന് കീഴെ രംഗത്ത് വന്നിരിക്കുന്നത്.
നിറയെ ചായങ്ങളുമായി കാത്തിരിക്കുന്ന കൂട്ടുകാര്‍ക്കിടയിലേക്ക് പെണ്‍കുട്ടി സൈക്കിളില്‍ കടന്നു വരുന്നതും എല്ലാവരും ആ പെണ്‍കുട്ടിക്ക് നേരെ ചായം വാരി എറിയുന്നതുമാണ് പരസ്യത്തിലെ ആദ്യ രംഗം. തുടര്‍ന്ന് എല്ലാവരുടെയും ചായം സന്തോഷത്തോടെ ഏറ്റുവാങ്ങിയ പെണ്‍കുട്ടി ചായം തീരുന്നതും കൂട്ടുകാരനായ മുസ്‌ലിം സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരികയും സൈക്കിളില്‍ പള്ളിയിലെത്തിക്കുകയും ചെയ്യുന്നു. പള്ളിയ്ക്കു മുമ്പില്‍ സുഹൃത്തിനെ ഇറക്കിവിടുമ്പോള്‍ ‘ഞാന്‍ നിസ്‌കരിച്ചശേഷം വേഗം വരാം’ എന്നു പറഞ്ഞാണ് കൂട്ടുകാരന്‍ പടികള്‍ കയറി പോകുന്നത്. ഈ പരസ്യത്തിനെതിരായാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രകോപനവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിരിക്കുന്നത്. പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ ഉല്‍പന്നം ബഹിഷ്ക്കരിക്കുമെന്നാണ് ഹിന്ദുത്വ പ്രവര്‍ത്തകരുടെ ഭീഷണി. എന്തായാലും സര്‍ഫ് എക്സല്‍ കമ്പനി ഇത് വരെ ഒരുതരത്തിലുള്ള വിശദീകരണവും പുറത്ത് വിട്ടിട്ടില്ല.