പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇടക്കാല വിധി ഇന്ന്. ചീഫ്ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന് വിധി പുറപ്പെടുവിക്കും. ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീംകോടതി മേൽനോട്ടത്തിൽ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകിയേക്കുമെന്നാണ് സൂചന.
ഇസ്രായേലി ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍,സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് വാദത്തിനിടെ കോടതി ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടി പറയാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ആരോപണം നേരിടുന്ന സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതിയുടെ അന്വേഷണം നിഷ്പക്ഷമായിരിക്കില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് സമിതിയെ വയ്ക്കാന്‍ കോടതി തീരുമാനിച്ചത്. വിദഗ്ധ സമിതി അംഗങ്ങളെ തീരുമാനിച്ച ശേഷം കേസിൽ വിധി പറയാമെന്നാണ് അന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.