India

കൊവിഡ് അനാഥമാക്കിയ കുട്ടികളെ സംരക്ഷിക്കണം, പഠനം മുടങ്ങരുത് : സുപ്രിംകോടതി

കൊവിഡ് കാലത്ത് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണം എന്ന് സുപ്രിം കോടതി. അനാഥരായ കുട്ടികളുടെ വിവരങ്ങൾ ബാൽ സ്വരാജ് പോര്‍ട്ടലിൽ സംസ്ഥാന സര്‍ക്കാരുകൾ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ പകുതി ഫീസ് സര്‍ക്കാരുകൾ നൽകണം. ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി നിദേശിച്ചു.

അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ ധനമായി നല്‍കുമെന്ന് കേരളം സുപ്രിം കോടതിയെ അറിയിച്ചു. ഡിഗ്രി പൂര്‍ത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.

കൊവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികൾക്കും സംരക്ഷണം കിട്ടണമെന്നും ജസ്റ്റിസ് എൽ.നാഗേശ്വര്‍ റാവു അധ്യക്ഷനായ കോടതി നിര്‍ദേശിച്ചു. അനാഥരായ കുട്ടികളുടെയും രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായ കുട്ടികളുടെയും വിവരങ്ങൾ ബാൽ സ്വരാജ് പോര്‍ട്ടലിൽ സംസ്ഥാനങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. അപ്ലോഡ് ചെയ്ത വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രതിഭലിക്കുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ജി പ്രകാശ് കോടതിയെ അറിയിച്ചു.