ബാബരി ഭൂമിതർക്ക കേസില്‍ മധ്യസ്ഥതക്ക് സുപ്രീം കോടതി സമയം നീട്ടി നല്‍കി. മുദ്രവെച്ച കവറില്‍ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കും.അടുത്ത മധ്യസ്ഥ ചര്‍ച്ച ജൂണ്‍ രണ്ടിന് നടക്കും. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബാബരി മസ്ജിദ് ഭൂമി തർക്കം മാർച്ച് മാസം എട്ടാം തീയതിയാണ് സുപ്രീം കോടതി മധ്യസ്ഥ ചർച്ചക്ക് വിട്ടത്. സുപ്രീം കോടതി മുന്‍ ജഡ്ജി എ.എം ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതി ദിവസങ്ങൾക്കകം തന്നെ ചർച്ച ആരംഭിച്ചു. കോടതി നിർദേശത്തെ തുടർന്ന് യു.പിയിലെ ഫൈസാബാദിൽ രഹസ്യമായാണ് ചർച്ച നടന്നത് . കേസിലെ എല്ലാ പ്രധാന കക്ഷികളും സമിതിക്ക് മുമ്പാകെ ഹാജരായി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥത സംബന്ധിച്ച് സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് കോടതി പരിഗണനക്ക് എടുത്തേക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ, അത് സുപ്രീം കോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍മോഹി അഖാഡ മാത്രമാണ് കേസില്‍ മധ്യസ്ഥ ചര്‍ച്ചയെ അനുകൂലിച്ച ഹിന്ദു പക്ഷത്തെ പ്രധാന കക്ഷി. എന്നാൽ ചർച്ചാ വേദി ഡൽഹിക്ക് മാറ്റണം, വിശ്വഹിന്ദു പരിഷത്തിനെ മധ്യസ്ഥത ചർച്ചയിൽ കക്ഷി യാക്കരുത്, വിരമിച്ച കൂടുതൽ ജഡ്ജിമാരെ കൂടി സമിതിയിൽ ഉൾപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ നിർമ്മോഹി അഖാഡെ മുന്നോട്ട് വച്ചിരുന്നു. ചർച്ചക്ക് സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ ആർട്ട് ഓഫ് ലിവിംഗ് തലവൻ ശ്രീ ശ്രീ രവിശങ്കർ ഉൾപ്പെട്ടതിലും ഹിന്ദു പക്ഷത്ത് നിന്ന് തന്നെ എതിർപ്പുകൾ ശക്തമാണ്. സുന്നി വഖഫ് ബോർഡ് അടക്കം മുസ്ലിം പക്ഷത്തെ പ്രധാന കക്ഷികൾ മധ്യസ്ഥ ചർച്ചയെ അനുകൂലിച്ചാണ് കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നത്.