മതാചാരങ്ങളും അനുഷ്ഠാനങ്ങളും നിർണയിക്കാൻ ആർക്കാണ് അധികാരം എന്നതുൾപ്പടെയുള്ള വിഷയത്തിൽ, സുപ്രീം കോടതി നിർദേശ പ്രകാരമുള്ള വിവിധ കക്ഷികളുടെ അഭിഭാഷകരുടെ യോഗം ഇന്ന് നടക്കും. ശബരിമല കേസിൽ വിശാല ബെഞ്ചിന് വിട്ട ചോദ്യങ്ങൾക്ക് കൃത്യത വരുത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകർക്ക് വാദത്തിന് സമയം വിഭജിച്ചു നൽകുന്നതും എന്തൊക്കെ വിഷയങ്ങൾ ഉന്നയിക്കണമെന്ന് ധാരണയും യോഗത്തിൽ ഉണ്ടാക്കും. ഉച്ചയ്ക്കാണ് യോഗം നടക്കുക.
ശബരിമല യുവതി പ്രവേശം സംബന്ധിച്ച കേസ് പരിഗണിച്ചപ്പോൾ 5 അംഗ ഭരണ ഘടനാ ബഞ്ച് മതാചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ടിരുന്നു. ഇക്കാര്യം കഴിഞ്ഞ ജനുവരി പതിമൂന്നിന് സുപ്രീം കോടതി ഒൻപതംഗ ബെഞ്ച് ചേർന്നെങ്കിലും കോടതിയുടെ പരിഗണന വിഷയങ്ങളിൽ അഭിഭാഷകർ വ്യക്തത തേടി.
തുടർന്നാണ് സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് യോഗം വിളിക്കാൻ നിർദേശിച്ചത്. പരിഗണന വിഷയങ്ങളിൽ വിവിധ കക്ഷികളുടെ അഭിഭാഷകരുടെ സഹായം ലക്ഷ്യമിട്ടാണ് യോഗം വിളിച്ചത്. നേരത്തെ ഉണ്ടായിരുന്ന ഏഴു ചോദ്യങ്ങൾക്ക് പുറമെ മറ്റെന്തൊക്കെ വിഷയങ്ങൾ പരിഗണിക്കാമെന്നും യോഗത്തിൽ ചർച്ച ഉണ്ടാകും.
വിവിധ മതങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട നിരവധി ഹരജികൾ കോടതിയുടെ വിവിധ ബെഞ്ചുകളിൽ പരിഗണനയിൽ ഉണ്ട്. ഈ ഹരജികളുമായി ബന്ധപ്പെട്ട അഭിഭാഷകരും യോഗത്തിൽ പങ്കെടുക്കും. മുതിർന്ന അഭിഭാഷകരായ അഭിഷേക് സിംഗ്‍വി രാജീവ് ധവാൻ, ഇന്ദിര ജയ്‌സിംഗ്, സി.എസ് വൈദ്യനാഥൻ എന്നിവർക്കാണ് യോഗത്തിന്റെ ഏകോപന ചുമതല.