വ്യാജ വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ ഉള്ളടക്കവും പരിശോധിക്കുന്നതിനായി മാര്‍ഗരേഖ തയ്യാറക്കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. വ്യക്തികളുടെ സ്വകാര്യത, അഭിമാനം, സംസ്ഥാനത്തിന്റെ പരമാധികാരം എന്നിവ പരിഗണിച്ചുള്ളതായിരിക്കണം ഇത്. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതിയെ അറിയിക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം നല്‍കി. സമൂഹമാധ്യമ അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്ന കേസിലാണ് സുപ്രിംകോടതി നിര്‍ണായക നിര്‍ദേശം നല്‍കിയത്.
ആരെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന എന്തെങ്കിലും പറയുന്നുവെന്ന് കരുതുക. മാനഹാനി സംഭവിച്ച വ്യക്തിക്ക് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും കേസുമായി മുന്നോട്ട് പോകാനും എന്തുകൊണ്ടാണ് കഴിയാത്തത് ബെഞ്ച് സര്‍ക്കാരിനോട് ചോദിച്ചു. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം എഴുതിയതാരെന്ന് ചോദിക്കാന്‍ ഒരു വ്യക്തിക്ക് നിയമപരമായി സാധിക്കണം. ദേശീയ സുരക്ഷയെ ബാധിക്കുന്ന വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനും കഴിയണമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് സോഷ്യല്‍ മീഡിയക്കായി നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്. വ്യാജ അക്കൗണ്ടുകളില്‍ നിന്ന് എന്തും വിളിച്ചു പറയാനും രക്ഷപ്പെടാമെന്നുമുള്ള ചിന്തകള്‍ കേന്ദ്രം അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.