India

ദി കേരള സ്റ്റോറിയുടെ റിലീസ് തടയണമെന്ന് ആവശ്യം; ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ സുപ്രിംകോടതി

ദി കേരള സ്റ്റോറിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ സുപ്രിംകോടതി. നാളത്തെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ വീണ്ടും സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു. 

നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സിനിമ സ്റ്റേ ചെയ്യുന്ന കാര്യം വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്നാണെന്നും നടന്മാരുടേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും പ്രൊഡ്യൂസറുടേയുമെല്ലാം അധ്വാനം സിനിമയ്ക്ക് പിന്നിലുണ്ടെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു.

ദി കേരള സ്റ്റോറി സിനിമയ്‌ക്കെതിരായ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം മുന്നിലെത്തിയപ്പോള്‍ കഴിഞ്ഞ ദിവസവും സുപ്രിംകോടതി അതില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു. ഹര്‍ജിക്കാര്‍ക്ക് ആക്ഷേപങ്ങള്‍ കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.