India

ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹർജി ഇന്ന് സുപ്രിംകോടതിയിൽ

ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാനത്തിന് മാത്രമായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടാകും.

രാജ്യതലസ്ഥാനത്ത് പ്രതിദിനം 700 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ സുപ്രിംകോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ലഭ്യമായിട്ടുള്ള കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന കേന്ദ്രനയം പരിശോധിക്കണമെന്ന് ഇന്നലെ കോടതി അഭിപ്രായപ്പെട്ടിരുന്നു. വിഷയം പരിഹരിക്കാൻ ഡൽഹിക്ക് മാത്രമായി വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനമെടുക്കും. ഓക്‌സിജൻ ഓഡിറ്റ് അടക്കം നടത്തുന്നതിന് സ്വതന്ത്രസംവിധാനം വേണമെന്ന് കേന്ദ്രസർക്കാർ ഇന്നലെ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഡൽഹിയിലെ കൊവിഡ് പരിശോധനാ നിരക്കുകൾ കുറയ്ക്കണമെന്ന് ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.