സി.ബി.ഐ അന്വേഷണത്തിന് അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ആറാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കേസുകളില്‍ ചട്ടം ബാധകമാണെന്ന് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരുകളെ മറികടന്നു കേസ് അന്വേഷിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചു.
സി.ബി.ഐ അന്വേഷണത്തിനു സംസ്ഥാന സർക്കാർ പൊതുവായ അനുമതി നൽകിയില്ലെങ്കിൽ കേസന്വേഷണവുമായി മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരായി നൽകിയ ഹർജിയിലെ വിധിയിലാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ആറാം വകുപ്പിന്റെ പ്രാധാന്യം വ്യക്തമാക്കിയുള്ള സുപ്രീംകോടതി നിരീക്ഷണം. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണെന്നും ഇത് അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കേസുകളില്‍ അനുമതി നിര്‍ബന്ധമാക്കിയതെന്നും കോടതി വിശദീകരിച്ചു.
ഇത് ലംഘിച്ച് സി.ബി.ഐയുടെ അധികാര പരിധി സംസ്ഥാനങ്ങളിലേക്ക് നീട്ടാനാകില്ല. സി.ബി.ഐ അന്വേഷണത്തിന് നല്കിയ മുന്‍കൂര്‍ പൊതു അനുമതി കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ കോടതി നിരീക്ഷണം പ്രസക്തമാണ്. അതേസമയം മുന്‍കൂര്‍ പൊതുഅനുമതി നല്കിയ സംസ്ഥാനത്ത് പ്രത്യേക അനുമതി നല്‍കാത്തതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥക്കെതിരായ അന്വേഷണം റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇങ്ങനെയുള്ള അന്വേഷണം ഏകപക്ഷീയമാണെന്ന് തെളിയിക്കാതെ ഇടപെടാനാകില്ലെന്ന് കാട്ടി ഉത്തര്‍പ്രദേശിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു.