India National

മതവിശ്വാസങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ‌ഏഴംഗ ഭരണഘടന ബഞ്ചിന്‍റെ ഉത്തരവുകള്‍ നിര്‍ണായകം

വിവിധ മതവിശ്വാസങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ച ‌ഏഴംഗ ഭരണഘടന ബഞ്ചിന്‍റെ ഉത്തരവുകള്‍ നിര്‍ണായകമാകും. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ മാത്രമാണ് കോടതിക്ക് തീരുമാനമെടുക്കേണ്ടതെങ്കിലും മറ്റ് മതങ്ങളുടെ ആചാരങ്ങളെയാകെ പൊതു ചട്ടക്കൂടിലാക്കാന്‍ ഏഴംഗ ബഞ്ചിന്‍റെ വിധി വഴിയൊരുക്കിയേക്കും.

ശബരിമല സ്ത്രീപ്രവേശത്തിന് പുറമെ മുസ്‍ലിം, പാര്‍സി, ബോറ സമുദായങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ ചൂണ്ടിക്കാണിച്ചാണ് മതവിശ്വാസങ്ങളിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സുപ്രീം കോടതി ‌ഏഴംഗ ഭരണഘടന ബഞ്ചിന് വിട്ടത്. വിശ്വാസപരമായ കാര്യങ്ങളില്‍ ഭരണഘടനയാണോ മതവിഭാഗങ്ങള്‍ തന്നെയാണോ തീരുമാനമെടുക്കേണ്ടതെന്ന പ്രശ്നമാണ് കോടതി ഉന്നയിച്ചത്.

ആരോഗ്യത്തിന് ഹാനികരമാകുന്ന മാതാചാരത്തിന്‍റെ പരിധിയും ബഞ്ചിന്‍റെ പരിഗണന വിഷയമാണ്. വിശ്വാസത്തിന് പ്രാധാന്യം നല്‍കി ശബരിമല സ്ത്രീപ്രവേശ വിലക്ക് ബഞ്ച് ശരിവെച്ചാല്‍ നിലവില്‍ നിയമമാക്കിയ മുത്തലാക്ക് അടക്കമുള്ള നിയമങ്ങള്‍ക്ക് വിധി ബാധകമാക്കണമെന്ന ആവശ്യങ്ങളുയര്‍ന്നേക്കും.

ശബരിമല സ്ത്രീ പ്രവേശത്തില്‍ ബഞ്ചിന്‍റെ തീരുമാനം മറിച്ചാണെങ്കിലും മറ്റ് മതവിശ്വാസങ്ങളുടെ ആചാരങ്ങളെ ഇത് സ്വാധീനിച്ചേക്കും. നിലവില്‍ മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം പരിശോധിക്കുന്ന ബഞ്ചിന്‍റെ ഇടപെടല്‍ ഹിജാബടക്കമുള്ള വസ്ത്രധാരണ രീതിയിലേക്കും, മുസ്ലിം സ്ത്രീകളുടെ പരമ്പാഗത ഗത സ്വത്തവകാശത്തിലേക്കും നീളും. ഇത് ക്രമേണ ഏകീകൃത സിവില്‍ കോഡിലേക്ക് വഴിവെച്ചേക്കുമെന്നും വിലിയിരുത്തലുണ്ട്. ‌മറ്റ് മതവിശ്വാസങ്ങളെ അട്ടമറിക്കാന്‍ ഭൂരിപക്ഷ വിധി ദുരുപയോഗം ചെയ്യരുതെന്ന് ന്യൂനപക്ഷ വിധിയിലെ ജഡ്ജിമാര്‍ വിയോജനമെഴുതിയിരുന്നു. ഏഴംഗ ഭരണഘടന ബഞ്ചിന്‍റെ വിധികള്‍ ഇരുതല മൂര്‍ച്ചയുള്ളതാണെന്ന് വിമര്‍ശം ശക്തമാവുകയാണ്.