India

കർഷക കൊലപാതകം; അന്വേഷണ പുരോഗതി റിപ്പോർട്ടിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ കർഷക കൊലപാതകത്തിൽ സർക്കാരിനെതിരെ സുപ്രീംകോടതി. കേസിൽ യു.പി സർക്കാർ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ കോടതി അതൃപ്തി അറിയിച്ചു. റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു.

10 ദിവസം സമയം നൽകിയിട്ടും റിപ്പോർട്ടിൽ പുരോഗതിയില്ല. ഒരു പ്രതിയുടെ ഫോൺ ഒഴികെ മറ്റ് പ്രതികളുടെ ഫോൺ എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്ന് കോടതി ചോദിച്ചു. ഫോറൻസിക് റിപ്പോർട്ട് വേഗത്തിലാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പൊലീസ് അത് പാലിച്ചില്ലെന്നും കോടതി പറഞ്ഞു.

കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെ മറ്റൊരു ഹൈക്കോടതി ജഡ്ജി നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം ഒരു പ്രതി ഒഴികെ മറ്റു പ്രതികൾക്ക് ഫോൺ ഇല്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. കർഷകർക്ക് എതിരെ അക്രമം നടത്തിയ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസും അറിയിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ 10 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. സംഭവത്തിൽ സിബിഐയെ ഉൾപ്പെടുത്തി ഉന്നതതല ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിന് പിന്നാലെയാണ് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നത്.