India National

അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ആത്മഹത്യപ്രേരണക്കേസില്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ബോംബെ ഹൈക്കോടതിയെ സുപ്രിം കോടതി വിമര്‍ശിച്ചു. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അന്‍പതിനായിരം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ സുപ്രിം കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു. ഭരണഘടന കോടതികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുതെന്നും കോടതി. ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതിക്ക് യുക്തിപൂര്‍വമായി മുന്‍വിധിയില്ലാതെ നോക്കിക്കാണാന്‍ സാധിച്ചില്ലെന്നത് ഞെട്ടലുളവാക്കുന്നതാണെന്നും കോടതി പറഞ്ഞു.

നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും കടക്കെണിയില്‍ പെട്ട കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ നടപടിയെടുക്കാത്തതെന്തെന്നും പ്രതിഭാഗം ചോദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ജാമ്യം നല്‍കാന്‍ തയാറാകാതിരുന്നതെന്നും സുപ്രിംകോടതി ചോദിച്ചു.

അര്‍ണബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് മുംബെെ ഹൈക്കോടതി ഇടക്കാലജാമ്യം നിഷേധിച്ചത്. നവംബര്‍ നാലിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി റിമാന്‍ഡില്‍ കഴിയുകയായിരുന്നു.