India

ഗുജറാത്ത് കലാപത്തിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 14 പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

നമുക്കൊരു പരീക്ഷണം നടത്താമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 14 പ്രതികൾക്ക് ജാമ്യം നൽകി സുപ്രിംകോടതിയുടെ അസാധാരണ നടപടി. ആനന്ദ് ജില്ലയിലെ ഒഡെയിൽ 23 പേരെ കൊന്ന കേസിലെ പ്രതികൾക്കാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇവരെ ഗുജറാത്തിന് പുറത്തേക്ക് മാറ്റാനും കോടതി ഉത്തരവിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ആത്മീയ, സാമൂഹിക സേവനങ്ങൾ ചെയ്യാനാണ് പ്രതികളോട് കോടതി ആവശ്യപ്പെട്ടത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ജീവിതോപാധി കണ്ടെത്താൻ ഇവരെ സഹായിക്കണമെന്ന് അധികൃതരോടും കോടതി ആവശ്യപ്പെട്ടു. ഇവരുടെ പെരുമാറ്റത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്കും നിർദേശം നൽകി.

ഇൻഡോർ, ജബൽപൂർ എന്നിവിടങ്ങളിലേക്കാണ് പ്രതികളെ മാറ്റിയത്. അനുമതിയില്ലാതെ ജില്ല വിട്ട് പുറത്തു പോകരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

ഗുജറാത്ത് ഹൈക്കോടതിയാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ 2018 മുതൽ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. അപ്പീൽ പരിഗണനയിൽ ഇരിക്കെയാണ് ഇവർക്ക് ജാമ്യം നൽകിയത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ഗുജറാത്ത് സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ ബിആർ ഗവായ്, സൂര്യകാന്ത് എന്നിവർ അംഗങ്ങളുമായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

കലാപത്തിനിടെ അഹമ്മദാബാദിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ അഭയം തേടിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 23 മുസ്‌ലിംകളെയാണ് കലാപകാരികൾ വകവരുത്തിയിരുന്നത്. ആകെ 47 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 23 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരുന്നു.