India National

നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജികള്‍ തള്ളി

നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ ഹരജികളാണ് തള്ളിയത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്.

തിരുത്തല്‍ ഹരജി തള്ളിയതോടെ ദയാ ഹരജി കൂടി നല്‍കാന്‍ പ്രതികള്‍ക്കാകും. ദയാഹരജികള്‍ കൂടി തള്ളിയാല്‍ മാത്രമേ ‌വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ദയാഹരജി നല്‍കുകയും രാഷ്ട്രപതി അവ തള്ളുകയും ചെയ്താല്‍ 14 ദിവസത്തിന് ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ 22ന് വധശിക്ഷ നടപ്പാക്കാനായേക്കില്ല.