ധൻബാദിലെ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വിമർശനവുമായി സുപ്രിംകോടതി. ജാർഖണ്ഡ് സർക്കാരിനെയാണ് കോടതി വിമർശിച്ചത്.
ജഡ്ജിയുടെ മരണം സർക്കാരിന്റെ പരാജയം ആണെന്നാണ് സുപ്രിംകോടതിയുടെ വിമർശനം. ജഡ്ജിമാരുടെ വീടിനടക്കം ആവശ്യമായ സുരക്ഷാ ഒരുക്കണമെന്ന് സർക്കാരിന് സുപ്രിംകോടതി നിർദേശം നൽകി. സംഭവത്തിൽ സി.ബി.ഐ.യെയും ചീഫ് ജസ്റ്റിസ് എം.ജി. രമണ വിമർശിച്ചു. ജഡ്ജിമാർ പരാതിപ്പെട്ടാൽ പോലും സി.ബി.ഐ. സഹയിക്കുന്നില്ലെന്ന് സുപ്രിംകോടതി. ‘ചില സംഭവങ്ങളിൽ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഒന്നും ചെയ്തില്ല’, എന്നും സുപ്രിംകോടതി പറഞ്ഞു. ഉന്നതരും ഗുണ്ടകളും ഉൾപ്പെട്ട കേസുകളിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് ഭീഷണി വരാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സി.ബി.ഐ.യുടെ മനോഭാവത്തിൽ മാറ്റം വരണമെന്നും കോടതി പറഞ്ഞു.
ധൻബാദ് അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ചാണ് മരിച്ചത്. വീടിന് അര കിലോമീറ്റർ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു. സംഭവത്തിൽ സുപ്രിംകോടതിതി സ്വമേധയാ കേസെടുത്തിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ജാർഖണ്ഡ് സർക്കാരിന് സുപ്രിംകോടതി നിർദേശം നൽകിയിരുന്നു. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ധൻബാദിൽ അഡീഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെ വലിയ വിവാദങ്ങൾക്കാണ് തുടക്കമായത്.