ഹൈക്കോടതി ജഡ്ജിമാരെ വ്യാപകമായി സ്ഥലം മാറ്റാൻ നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം. 13 ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനുള്ള ശുപാർശ സർക്കാരിന് കൈമാറി. എട്ട് ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനും ശുപാർശ. അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാർക്ക് സ്ഥലം മാറ്റം ഉണ്ടാകും. 28 ജഡ്ജിമാരെ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് മാറ്റാനാണ് നിർദേശം.
കൽക്കട്ട ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ അലഹബാദ് ചീഫ് ജസ്റ്റിസാകും. ത്രിപുര ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷിയെ രാജസ്ഥാനിലേക്ക് സ്ഥലം മാറ്റാൻ ശുപാർശ. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പ്രകാശ് ശ്രീവാസ്തവ കൽക്കട്ട ചീഫ് ജസ്റ്റിസാകും. ഛത്തീസ്‌ഗഡിൽ നിന്നുള്ള പ്രശാന്ത്കുമാർ മിശ്ര ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.
അതേസമയം, രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് നികത്താന്‍ സുപ്രധാന ചുവടുവയ്പ്പുമായി സുപ്രിംകോടതി കൊളിജിയം. അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായി പതിമൂന്ന് അഭിഭാഷകരെ കൊളിജിയം ശുപാര്‍ശ ചെയ്തു. കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്ജിമാരെയാണ് സുപ്രിംകോടതി കൊളിജിയം ശുപാര്‍ശ ചെയ്തത്.
നാല് ജുഡിഷ്യല്‍ ഓഫിസര്‍മാരും നാല് അഭിഭാഷകരുമാണ് പട്ടികയിലുള്ളത്. നിയനമ ശുപാര്‍ശ അടങ്ങിയ ഫയല്‍ സുപ്രിംകോടതി കൊളിജിയം കേന്ദ്രസര്‍ക്കാരിന് അയച്ചു. പത്ത് ഒഴിവുകളാണ് കേരള ഹൈക്കോടതിയില്‍ നിലവിലുള്ളത്.
അലഹബാദ് ഹൈക്കോടതിയിലേക്ക് പതിമൂന്ന് ജഡ്ജിമാര്‍, മദ്രാസ് കോടതിയിലേക്ക് നാലും രാജസ്ഥാനിലേക്ക് മൂന്നും കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് രണ്ട് അഭിഭാഷകരെയും ജഡ്ജിമാരായി ശുപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മടക്കിയ നാല് ഹൈക്കോടതികളിലെ ഒന്‍പത് അഭിഭാഷകരുടെ പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്തു.
ശോഭ അന്നമ്മ, സഞ്ജിത കെ എ, ബസന്ത് ബാലാജി, ടി കെ അരവിന്ദ് കുമാര്‍ ബാബു എന്നിവരെയാണ് കേരള ഹൈക്കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്തത്. ജുഡിഷ്യല്‍ ഓഫിസര്‍മാരായ സി ജയചന്ദ്രന്‍, സോഫി തോമസ്, പി.ജി അജിത് കുമാര്‍, സുധ എന്നിവര്‍ സ്ഥാനക്കയറ്റ പട്ടികയില്‍ ഇടംപിടിച്ചു.