ജുഡീഷ്യല്‍ നിയമനങ്ങളില്‍ ഇടപെടുന്നതിനെതിരെ സുപ്രീംകോടതി. ഇത്തരം ഇടപെടല്‍ കോടതിയുടെ അന്തസത്തക്ക് മങ്ങലേല്‍പ്പിക്കും. കോടതി നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും ജുഡീഷ്യല്‍ പരിശോധനക്ക് നിയന്ത്രണമുണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് അഖില്‍ ഖുറേശിയെ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ച കൊളീജിയം തീരുമാനം ചോദ്യം ചെയ്തുള്ള ഗുജറാത്ത് ഹൈകോടതി അഭിഭാഷക അസോസിയേഷന്‍റെ ഹരജിയിലെ ഉത്തരവിലാണ് സുപ്രീംകോടതി നീരസം രേഖപ്പെടുത്തിയത്. കൊളീജിയത്തിന്‍റെ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഇടപെടുന്നത് കോടതിയുടെ അന്തസത്തക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ ജുഡീഷ്യല്‍ പരിശോധനക്ക് കടുത്ത നിയന്ത്രണമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. നീതിന്യായ ഭരണസംവിധാനത്തിന്‍റെ കടക്കല്‍ കത്തിവെക്കുന്നതിന് തുല്യമാണിത്.
കേന്ദ്രസര്‍ക്കാറിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ജസ്റ്റിസ് അഖില്‍ ഖുറേശിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസാക്കിയ നിയമനം കൊളീജിയം റദ്ദാക്കിയത്. ത്രിപുരയിലേക്ക് ഖുറേശിയെ പിന്നീട് സ്ഥലംമാറ്റി. ഇതോടെയാണ് കൊളീജിയം തീരുമാനത്തിനെതിരെ ഗുജറാത്ത് അഭിഭാഷക അസോസിയേഷന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. അഖില്‍ ഖുറേശിയെ ഒടുവില്‍ കൊളീജിയം മേഘാലയ ചീഫ് ജസ്റ്റിസാക്കി നിയമിക്കുകയായിരുന്നു.
മദ്രാസ് ഹൈകോടതിയില്‍ നിന്ന് മേഘാലയയിലേക്ക് സ്ഥലംമാറ്റിയ കൊളീജിയം നടപടിയില്‍ പ്രതിഷേധിച്ച് നേരത്തെ ചീഫ് ജസ്റ്റിസ് താഹില്‍ രമണി രാജിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്‍റെ ഉത്തരവ്. ജസ്റ്റിസ് താഹില്‍ രമണിയുടെയും അഖില്‍ ഖുറേശിയുടെയും സ്ഥലംമാറ്റങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുണ്ടായിരുന്നു. സൊഹ്റാബുദ്ദീന്‍ ശേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജസ്റ്റിസ് അഖില്‍ ഖുറേശി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ജസ്റ്റിസ് താഹില്‍ രമണിയാണ് ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ 11 പേരുടെ ജീവപര്യന്തം ശരിവെച്ചത്.