പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ബി.ജെ.പിക്കെതിരായുളള പോരാട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടൊപ്പം ഇടതുമുന്നണിയും കോണ്‍ഗ്രസും അണിചേരണമെന്ന അഭ്യര്‍ത്ഥനയുമായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്.
”ഇടതുമുന്നണിയും കോണ്‍ഗ്രസും ആത്മാര്‍ത്ഥമായി ബി.ജെ.പി വിരുദ്ധരാണെങ്കില്‍, ബി.ജെ.പിയുടെ സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ മമത ബാനര്‍ജിയോടൊപ്പം ചേരും.” മുതിര്‍ന്ന ടി.എം.സി എം.പി സൗഗാത റോയി പറഞ്ഞു. പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ബി.ജെ.പിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മുഖം എന്നാണ് ടി.എം.സി മേധാവി സൗഗാത, മമത ബാനര്‍ജിയെ വിശേഷിപ്പിച്ചത്. ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സഖ്യം പ്രഖ്യാപിക്കാനിരിക്കെയാണ് ടി.എം.സിയുടെ നിലപാട്.