പകര്‍പ്പവകാശ ലംഘനത്തിന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ഗൂഗിള്‍ സിഇഒ ഉള്‍പ്പെടെ ആറ് കമ്പനി തലവന്മാര്ക്കെതിരായി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഏക് ഹസീന തു ഏക് ദീവാന താ എന്ന ചിത്രം അനധികൃതമായി യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവ് സുനില്‍ ദര്ശന് ആണ് പരാതി നല്‍കിയത്.
2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പകര്‍പ്പവകാശ ലംഘനം ശ്രദ്ധയില്‍പെട്ട് ഉടന്‍ തന്നെ ഗൂഗിളിന് ഇ മെയില്‍ അയച്ചിരുന്നുവെന്നും അവരില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ലെന്നുമാണ് സുനില്‍ ദര്ശന് പരാതിപ്പെട്ടത്. പത്മഭൂഷന്‍ ബഹുമതി ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സുന്ദര്‍ പിച്ചെയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുക്കുന്നത്.
ഗൂഗിളിന്റെ സാങ്കേതിക വിദ്യയോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും തനിക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ ഉറപ്പുവരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനില്‍ ദര്ശന് പരാതി നല്‍കുന്നത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണ്. 1957ലെ പകര്‍പ്പവകാശ നിയമത്തിന്റെ 51,63,69 വകുപ്പുകള്‍ പ്രകാരമാണ് കേസ്.