പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നൂറിലേറെ സീറ്റുകളിൽ ലീഡ് തുടരുന്നതിനിടെ വിജയം ഹന്ദുത്വ തരംഗം മൂലമാണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി. വിജയം മോദി തരംഗമല്ലെന്നും സ്വാമി കൂട്ടിച്ചേർത്തു.
ജാതിക്കുമേൽ ഹിന്ദുത്വ വിശ്വാസം നേടിയ വിജയമാണിത്. ജാതിക്കും മേൽ ഹിന്ദുക്കൾ വളർന്നിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. പുതിയ തലമുറ വോട്ടർമാർ വിജയത്തിൽ വളരെ വലിയ പങ്കുവഹിച്ചു. അവർ ജാതി ചിന്തക്ക് സ്ഥാനം നൽകിയില്ലെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു.
മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചകൾക്ക് ജനങ്ങൾ മാപ്പ് നൽകുകയും, പകരം അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ ഭരണത്തിലും, ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ സ്വീകരിച്ച കടുത്ത നിലപാടും വിജയത്തിന് മുതൽകൂട്ടായെന്നും സ്വാമി പറഞ്ഞു.
തെരഞ്ഞെടുപ്പിനിടെ, പുൽവാമ ആക്രമണമില്ലെങ്കിൽ ബി.ജെ.പി 160 സീറ്റ് തികക്കില്ല എന്നും സാമ്പത്തകി നയങ്ങളിൽ ബി.ജെ.പി പരാജയമായിരുന്നു എന്നും സുബ്രമണ്യം സ്വാമി പറഞ്ഞിരുന്നു.