India

പോരാട്ടം തുടരും; ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ

ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ. ഹിജാബ് മതപരമായ അനിവാര്യതയാണ്. പോരാട്ടം തുടരും. വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിൽ തീരുമാനം പിന്നീടെന്നും വിദ്യാർത്ഥികൾ അറിയിച്ചു.

ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി ആവർത്തിക്കുകയാണ് ഹൈക്കോടതി ചെയ്തത്. കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാർത്ഥികൾ നൽകിയ ഹർജിയിന്മേലാണ് വിധി.

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു. അതേസമയം ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ഉഡുപ്പി കോളജ് വിദ്യാർത്ഥികൾ അറിയിച്ചിട്ടുണ്ട്.