കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് ടോൾ പ്ലാസകൾ ഉപരോധിക്കും. ആഗ്ര- ഡൽഹി, ജയ്‌പൂർ -ഡൽഹി ദേശീയ പാതകളും തടയാൻ തീരുമാനിച്ചിട്ടുണ്ട്. നിയമങ്ങൾ റദ്ദ് ചെയ്യാതെ ഇനി ചർച്ചക്കില്ലെന്ന് കർഷകസംഘടന നേതാക്കൾ വ്യക്തമാക്കി. അതേസമയം കർഷക സമരത്തെ പാർട്ടി തലത്തിൽ പ്രതിരോധിക്കാൻ ബി.ജെ.പി നീക്കം തുടങ്ങി.
രാജ്യത്തെ ദേശീയ പാതകളിലെ ടോൾ പ്ലാസകൾ ഉപരോധിക്കുകയും ടോൾ പിരിക്കുന്നത് തടയുകയും ചെയ്യുമെന്ന് കർഷകർ വ്യക്തമാക്കി. രാജസ്ഥാനിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുളള ദേശീയ പാതകൾ കൂടി നാളെ കർഷകർ തടയും. ടോൾ പിരിവ് തടയുന്നത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന ആശങ്ക പോലീസിനുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകർ ഇന്ന് മുതൽ എത്തി തുടങ്ങും. പഞ്ചാബിൽ നിന്ന് മാത്രം 700 ട്രാക്ടറുകൾ പുറപ്പെട്ടിട്ടുണ്ട്.
കാർഷിക പരിഷ്ക്കരണ നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രവും അല്ലാതെ സമരം നിർത്തില്ലെന്ന് കർഷകരും നിലപാടെടുത്തതോടെ സമവായ സാധ്യത ഇല്ലാതെ സമരം മുന്നോട്ട് പോകുകയാണ്. താങ്ങുവില ഉറപ്പാക്കുമെന്നതിൽ ആർക്കും ആശങ്ക വേണ്ടെന്നും നിയമത്തിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ തയ്യാറാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോർപ്പറേറ്റുകൾക്ക് വേണ്ടിയുളള നിയമം റദ്ദാക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച രാജ്യവ്യാപകമായി ബി.ജെ.പി ഓഫീസുകൾ അടക്കം ഉപരോധിക്കാനും കർഷകർ ആഹ്വനം ചെയ്തിട്ടുണ്ട്. അതേസമയം കാർഷിക നിയമങ്ങളെ ന്യായീകരിച്ച് 700 പ്രാദേശിക യോഗങ്ങളും 700 വാർത്ത സമ്മേളനങ്ങളും നടത്താൻ ബി ജെ പി തീരുമാനിച്ചു.
കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി കേരളത്തിൽ അനിശ്ചിതകാല സമരം തുടങ്ങുന്നു. സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിലാണ് അനിശ്ചിതകാല സത്യാഗ്രഹസമരം. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നടക്കുന്ന സമരം കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡൻറ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സി.പി.ഐ അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബു, കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ ബാലഗോപാൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകും.