അനധികൃത നിർമ്മാണം പൊളിക്കുന്നത് തടയാൻ കെട്ടിടത്തിൽ മോദി പ്രതിമ ഉള്ള ക്ഷേത്രം നിർമ്മിച്ച് ഗുജറാത്തി വ്യാപാരി. ഗുജറാത്തിലെ ബറൂച്ചിലാണ് സംഭവം. മോഹൻലാൽ ഗുപ്ത എന്നയാളാണ് കെട്ടിടത്തിന് മുകളിൽ പ്രധാനമന്ത്രിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെയും പ്രതിമ ഉള്ള ക്ഷേത്രം നിർമ്മിച്ചത്.
കെട്ടിടത്തിൽ അനുമതിയില്ലാതെ അധിക നില നിർമ്മിച്ചിരുന്നു. ഇതിനെതിരെ കെട്ടിടം അനധികൃതമായി നിർമ്മിച്ചതായി പരാതി ഉയർന്നിരുന്നു. മുഴുവൻ നിർമാണവും അനധികൃതമാണെന്നാരോപിച്ച് കഴിഞ്ഞ വർഷമാണ് കെട്ടിടത്തിനെതിരെ ആദ്യ പരാതി ഉയർന്നത്. എന്നാൽ, താൻ വസ്തു വാങ്ങിയ വ്യക്തി 2012ൽ ഗഡ്ഖോൾ ഗ്രാമപഞ്ചായത്തിൽ നിന്ന് നിർമാണത്തിന് അനുമതി വാങ്ങിയെന്ന് ഗുപ്ത പറഞ്ഞു.
നിയമവിരുദ്ധമായി കെട്ടിടം നിർമ്മിച്ചതിനാൽ കെട്ടിടം പൊളിച്ചുമാറ്റാൻ നഗരസഭ തയ്യാറെടുത്തിരുന്നു. ഇത് തടയാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രതിമ നിർമ്മിച്ച് ക്ഷേത്രം പ്രതിഷ്ഠിച്ചത്. രാമൻ, സീത, ലക്ഷ്മൺ എന്നിവരെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് ദിവസമാണ് ഗുപ്തയും ക്ഷേത്രം നിർമ്മിച്ചത്.
റിദ്ധി സിദ്ധി റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് ഗുപ്തയുടെ രണ്ടു നില കെട്ടിടം. പരാതി നൽകിയവർക്ക് തന്നോട് അസൂയയാണെന്നാണ് മോഹൻലാൽ ഗുപ്ത പറയുന്നു. ക്ഷേത്ര പണിതതോടെ അനധികൃത നിർമ്മാണം അല്ല നടന്നതെന്ന രേഖകൾ സമർപ്പിക്കാൻ നഗരസഭ ഗുപ്തയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.