India National

മദ്യം ഹോം ഡെലിവറി ചെയ്യുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിഗണിക്കാം: സുപ്രീം കോടതി

മദ്യം ഹോം ഡെലിവറി ചെയ്യുന്നത് സംബദ്ധിച്ച കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതി

മദ്യം ഹോം ഡെലിവറി ചെയ്യുന്നത് സംബദ്ധിച്ച കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതി. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള മദ്യവിൽപ്പനകൾ പരിഗണിക്കാമെന്നാണ് കോടതിയുടെ നിരീക്ഷണം. രാജ്യത്തെ ലോക്ഡൌണ്‍ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ നേരിട്ട് മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.

ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിക്കുന്നില്ലെന്നും സംസ്ഥാനങ്ങൾ ഉചിതമായ തീരുമാനമെടുക്കാമെന്നുമാണ് കോടതി പറഞ്ഞത്. ‘ഞങ്ങൾ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ല. സാമൂഹിക അകലം പാലിക്കാൻ സംസ്ഥാനങ്ങൾക്ക് പരോക്ഷ വിൽപ്പനയോ മദ്യം ഹോം ഡെലിവറി ചെയ്യുന്നതോ പരിഗണിക്കണം’ ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷൺ, സഞ്ജയ് കൌള്‍, ബി.ആർ ഗവായി തുടങ്ങിയവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇളവുകൾ പ്രകാരം പല സംസ്ഥാനങ്ങളും മദ്യശാലകള്‍ ഇതിനോടകം തുറന്നു കഴിഞ്ഞിട്ടുണ്ട്. ഡൽഹിയിൽ മദ്യ വിൽപ്പന കേന്ദ്രങ്ങൾ തുറന്നതിനെത്തുടര്‍ന്നുണ്ടായ തിരക്ക് ഒഴിവാക്കാനായ് മദ്യം വാങ്ങാൻ എത്തുന്നവർക്ക് ഡല്‍ഹി സര്‍ക്കാര്‍ ഇ-ടോക്കൺ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിൽ ബുക്ക് ചെയ്ത പാസുമായി എത്തുന്നവർക്ക് മാത്രമേ ഡല്‍ഹിയില്‍ മദ്യം ലഭിക്കുകയുള്ളു. അതേസമയം പഞ്ചാബ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.