മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ പശ്ചാത്താപിക്കാൻ തയാറാകാതെ ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്ഡെ. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും മഹാത്മാ ഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അനന്ദ്കുമാർ ഹെഗ്ഡെ വ്യക്തമാക്കി. അനാവശ്യമായ വിവാദമാണ് പ്രസ്താവനയുടെ പേരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ നുണയാണ് പറഞ്ഞത്. പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ ഗാന്ധിയെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ഗാന്ധിയെക്കുറിച്ചോ ജവഹർലാൽ നെഹ്റുവിനെക്കുറിച്ചോ അല്ലെങ്കിൽ ഏതെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചോ ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആദ്യം അതു കാണിക്കൂ– ഹെഗ്ഡെ വ്യക്തമാക്കി.
ബെംഗളൂരുവില്‍ നടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് അനന്തകുമാര്‍ ഹെഗ്ഡെ സംസാരിച്ചത്. ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നുപറഞ്ഞ ഹെഗ്ഡെ, ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ചോദ്യംചെയ്തു. രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്. എന്നാല്‍, ഇത് സത്യമല്ല. ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലമാണ്. മഹാത്മാഗാന്ധിയുടെ വധവുമായി ആര്‍.എസ്.എസിന് ബന്ധമില്ലെന്നും അനന്തകുമാര്‍ ഹെഗ്ഡെ പറഞ്ഞു.
അനന്ദ്കുമാർ ഹെഗ്ഡെയുടെ പ്രതികരണത്തിൽ ബി.ജെ.പിയുടെ ദേശീയ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹെഗ്ഡെയുടെ വാക്കുകൾക്കെതിരെ പാര്‍ലമെന്റിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറി.