India National

നിരോധനാജ്ഞ, നിയന്ത്രണം; കശ്മീരില്‍ നിന്നുള്ള പടുകൂറ്റന്‍ പ്രതിഷേധ റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ‘ദ വയര്‍’

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റി സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര നടപടിക്ക് ശേഷം താഴ്‍വരയില്‍ നിന്നുള്ള പടൂകൂറ്റന്‍ പ്രതിഷേധ റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദ വയര്‍. കശ്മീര്‍ ശാന്തമാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്ന കേന്ദ്ര ഭാഷ്യത്തെ പൊളിക്കുന്നതാണ് പുറത്തുവിടുന്ന ഈ ദൃശ്യങ്ങള്‍ എന്നും ദ വയര്‍ പറയുന്നു. ശ്രീനഗറിലെ സൌറ ജില്ലയില്‍ സര്‍ക്കാര്‍ നടപടിക്കെതിരായ വലിയ പ്രതിഷേധം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും അത് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നിരുന്നു. എന്നാല്‍ റോയിട്ടേഴ്സ് ഈ വാര്‍ത്തയില്‍ ഉറച്ചുനിന്നു കൊണ്ട് ട്വീറ്റ് ചെയ്യുകയും കേന്ദ്രം തിരുത്തോടുകൂടിയ പുതിയ ട്വീറ്റ് നല്‍കുകയും ചെയ്തു.

ഇപ്പോഴിതാ കശ്മീരില്‍ നിന്നുള്ള ആഗസ്റ്റ് 16ലെ ദൃശ്യങ്ങളാണ് സര്‍ക്കാര്‍ വാദങ്ങളെ തിരസ്ക്കരിച്ച് കൊണ്ട് വയര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സത്രീകളും കുട്ടികളും പുരുഷന്‍മാരും അടങ്ങിയ വലിയൊരു സംഘം മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവില്‍ പ്രതിഷേധ റാലി നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആസാദി മുദ്രാവാക്യങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന റാലികള്‍ മുഴുവന്‍ തന്നെ കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതികളെ കാണിക്കുന്നതാണ്. കശ്മീരിലെ യഥാര്‍ത്ഥ പ്രശ്നങ്ങളെ കാണിക്കാത്ത ദേശീയ മാധ്യമങ്ങളെ റാലിയില്‍ രൂക്ഷമായി തന്നെ പരിഹസിക്കുന്നുണ്ട്. അതെ സമയം താഴ്‍വരയിലെ യഥാര്‍ത്ഥ സ്ഥിതി പുറത്തെത്തിക്കുന്ന അല്‍ ജസീറ, ബി.ബി.സി എന്നിവര്‍ക്കുള്ള ആദരവാര്‍ന്ന പോസ്റ്ററുകളും റാലികളില്‍ കാണാം. റാലികളിലെ എല്ലാ പ്ലക്കാര്‍ഡുകള്‍ക്ക് മുകളിലും തിയതി നല്‍കിയിട്ടുള്ള സംവിധാനം സര്‍ക്കാര്‍ ഭാഷ്യങ്ങളെ തിരുത്തുന്നതാണെന്നും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിക്ക് മുകളില്‍ ‍ഡ്രോണ്‍ പറത്തി നിരീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.