India National

‘ ശ്രീകൃഷ്ണ ജന്മഭൂമി ‘ ഉടമസ്ഥാവകാശം; അപ്പീല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു

ഉത്തര്‍പ്രദേശില്‍ ശ്രീകൃഷ്ണ ജന്മഭൂമി ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ മഥുര സിവില്‍ ജഡ്ജിയുടെ ഉത്തരവിന് എതിരായ അപ്പീല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് പള്ളി പണിതതെന്ന അവകാശപ്പെട്ടാണ് ലഖ്നൗ നിവാസിയായ രഞ്ജന അഗ്‌നിഹോത്രി ഉള്‍പ്പെടെ അഞ്ച് പേര്‍ തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് സുന്നി വഖഫ്ബോര്‍ഡ്, ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മഭൂമി സേവാസംഘ് തുടങ്ങിയ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ജില്ലാ കോടതി നിര്‍ദേശിച്ചു.

തിങ്കളാഴ്ച കേസിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ ജില്ലാ ജഡ്ജി സാധ്നാ റാണി താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്. വ്യാഴാഴ്ച കേസ് പരിഗണിക്കുമെന്ന് ജില്ലാ കോടതി അറിയിച്ചു. ‘ശ്രീകൃഷ്ണ ജന്മസ്ഥാനം’ എന്ന് ഭക്തര്‍ വിശ്വസിക്കുന്ന പ്രദേശത്തെ ക്ഷേത്രത്തിന്റെ ഒരുഭാഗം തകര്‍ത്താണ് മുഗള്‍ചക്രവര്‍ത്തി ഔറംഗസേബ് പള്ളി പണിഞ്ഞതെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ക്ഷേത്ര സമുച്ചയത്തിന്റെ ഭരണസമിതിയും 1968 ല്‍ പള്ളിയുടെ മാനേജ്‌മെന്റ് ട്രസ്റ്റും തമ്മിലുള്ള ഒത്തുതീര്‍പ്പ് ഉത്തരവ് റദ്ദാക്കണമെന്നും പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ വരുന്ന ‘ജന്‍മസ്ഥാനം’ ഭക്തര്‍ക്ക് തിരിച്ചുനല്‍കണമെന്നാണ് അപ്പീലിലെ ആവശ്യം.