അഴിമതി കേസില്‍ സായി ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഗതാഗത വിഭാഗവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. സായി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ശര്‍മ്മയോടൊപ്പം മറ്റ് അഞ്ച് പേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സായി ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു ഡയറക്ടര്‍ അടക്കമുള്ളവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ചില ഉദ്യോസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയ സി.ബി.ഐ അഞ്ച് മണിയോടെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സീല്‍ ചെയ്തു. പിന്നാലെയായിരുന്നു റെയ്ഡും അറസ്റ്റും. ഡയറക്ടര്‍ സഞ്ചയ് കുമാര്‍ ശര്‍മ്മയോടൊപ്പം അറസ്റ്റ് ചെയ്തവരില്‍ നാല് പേര് സായി ഉദ്യോഗസ്ഥര്‍ തന്നെയാണ്. ബാക്കി രണ്ട് പേര് സ്വകാര്യ കരാറുകാരനും അയാളുടെ ജോലിക്കാരനുമാണ്. 19 ലക്ഷത്തിന്റെ ബില്ലിന് അനുമതി നല്കണമെങ്കില് മൂന്ന് ശതമാനം കമ്മീഷന് നല്‍കണമെന്ന് ഉദ്യോസ്ഥര്‍ ആവശ്യപ്പെട്ടുവെന്നാണ് ഉയരുന്ന ആരോപണം. അഴിമതി വിരുദ്ധ രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍ പറഞ്ഞു. അഴിമതി വച്ച് പൊറുപ്പിക്കാനാകില്ലെന്ന് സായി ഡയറകടര്‍ ജനറല്‍ നീലം കപൂറും വ്യക്തമാക്കി.