India National

കശ്മീരിൽ ഏറ്റുമുട്ടൽ; പൊലീസുകാരനും തീവ്രവാദിയും കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബാരമൂലയിൽ എട്ടുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥനും ലഷ്‌കറെ ത്വയ്ബ തീവ്രവാദിയും കൊല്ലപ്പെട്ടു. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനു ശേഷം കശ്മീരിൽ നടത്തിയ ആദ്യത്തെ സൈനിക ഓപറേഷനിലാണ് ബാരമൂല സ്വദേശി മൊമിൻ ഗോജ്‌രി എന്നയാളും ജമ്മു കശ്മീർ പൊലീസിലെ എസ്.പി.ഒ ബിലാൽ അഹ്മദും കൊല്ലപ്പെട്ടത്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.

ബാരമൂലയിലെ ഒരു വീട്ടിൽ രണ്ട് ലഷ്‌കറെ ത്വയ്ബ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു സൈനിക നടപടി എന്ന് സൈന്യത്തെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 7.30 ന് ആരംഭിച്ച നടപടി പുലർച്ചെ 3.30 നാണ് അവസാനിച്ചത്. രാവിലെ ആറു മണിയോടെയാണ് കൊല്ലപ്പെട്ട തീവ്രവാദിയുടെ ജഡം കണ്ടെത്തിയത്. തീവ്രവാദ വിരുദ്ധ നടപടിക്കെതിരെ ബാരമൂല മേഖലയിൽ ശക്തമായ കല്ലേറുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

കൊല്ലപ്പെട്ട മൊമിൻ ഗോജ്‌രി പാകിസ്താനിലെ ലഷ്‌കർ കേന്ദ്രങ്ങളുമായി ബന്ധം പുലർത്തുന്നയാളാണെന്ന് സൈന്യം പറഞ്ഞു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സബ് ഇൻസ്‌പെക്ടർ അമർദീപ് പരിഹാറിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.