India National

തോക്ക് ചൂണ്ടി പൈലറ്റിനെ കൊള്ളയടിച്ചു; കവര്‍ച്ചക്ക് ശേഷം കുത്തിപരിക്കേല്‍പിച്ചു

ഡല്‍ഹിയില്‍ സ്പൈസ് ജെറ്റ് പൈലറ്റിനെ ഒരു സംഘം ആളുകള്‍ തോക്ക് ചൂണ്ടി കൊള്ളയടിച്ചു. ഇന്നലെ രാത്രി ഐഐടിക്ക് സമീപം ഫ്ലൈ ഓവറിലാണ് സംഭവം. 10 അംഗ സംഘത്തില്‍ ഒരാള്‍ പോവും മുന്‍പ് പൈലറ്റിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയും ചെയ്തു.

സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ക്യാപ്റ്റനായ യുവരാജ് തിവാതിയ ആണ് രാത്രി ഒരു മണിയോടെ ആക്രമിക്കപ്പെട്ടത്. ഫരീദാബാദിലെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു പൈലറ്റ്. അഞ്ച് ബൈക്കുകളിലായി എത്തിയ 10 പേര്‍ ഐഐടിക്ക് സമീപം കാര്‍ തടഞ്ഞു. കാര്‍ വളഞ്ഞ ഇവര്‍ ഗ്ലാസ് തകര്‍ത്തു. പിസ്റ്റൾ ഉപയോഗിച്ച് പൈലറ്റിന്റെ തലയിൽ അടിച്ചു. 34,000 രൂപ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവ കവര്‍ന്നു. മടങ്ങും മുന്‍പ് അവരില്‍ ഒരാള്‍ കത്തി കൊണ്ട് പൈലറ്റിനെ കുത്തിപരിക്കേല്‍പിച്ചു.

പൈലറ്റ് തന്നെയാണ് പൊലീസിനെ വിളിച്ചത്. തെക്കൻ ദില്ലിയില്‍ സമാനമായ രീതില്‍ നേരത്തെയും കാറുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടവര്‍ രാത്രി യാത്ര ചെയ്യുമ്പോള്‍ ആക്രമിക്കപ്പെടുന്നത് വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.