India National

ട്രയിനില്‍ ആയിരത്തിലേറെ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിച്ച് സോനു സൂദ്

രണ്ട് ട്രയിനുകളിലെ എല്ലാ തൊഴിലാളികള്‍ക്കും ഭക്ഷണ കിറ്റുകളും സാനിറ്റൈസറുകളും അടക്കമാണ് സോനു സൂദ് എത്തിച്ചുകൊടുത്തത്…

കോവിഡിന്റേയും ലോക്ഡൗണിന്റേയും പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചതിന്റെ പേരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് താരമാണ് സോനു സൂദ്. മുംബൈയില്‍ കുടുങ്ങിയ ആയിരക്കണക്കിന് തൊഴിലാളികളെയാണ് സോനു സൂദ് ബസുകളില്‍ നാടുകളിലേക്ക് അയച്ചത്. ഇപ്പോഴിതാ ആയിരത്തിലേറെ തൊഴിലാളികളെ രണ്ട് ട്രെയിനിലായ യു.പിയിലേക്കും ബിഹാറിലേക്കും അയച്ച് സോനു സൂദ് വീണ്ടും കയ്യടി നേടുന്നു.

തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ നേരിട്ട് കണ്ട് ഉറപ്പുവരുത്താന്‍ താനെ സ്റ്റേഷനിലെത്തിയ സോനു സൂദ്

തിങ്കളാഴ്ച്ച താനെ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ട രണ്ട് ട്രെയിനുകളിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യമാണ് സോനു സൂദ് ഒരുക്കിയത്. ട്രെയിനിലെ തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ നേരിട്ട് കണ്ട് ഉറപ്പുവരുത്താന്‍ അദ്ദേഹം ഞായറാഴ്ച്ച താനെ സ്റ്റേഷനിലെത്തുകയും ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാരുമായി സഹകരിച്ച് ടിക്കറ്റുകള്‍ക്കൊപ്പം ഭക്ഷണ കിറ്റുകളും സാനറ്റൈസറുകളും അടക്കമാണ് സോനു സൂദ് തൊഴിലാളികള്‍ക്ക് എത്തിച്ചുകൊടുത്തത്.

‘തൊഴിലാളികളുമായി താനെയില്‍ നിന്നും യു.പിയിലേക്കും ബിഹാറിലേക്കുമുള്ള ട്രെയിനുകളാണ് പുറപ്പെട്ടത്. അവര്‍ക്ക് എല്ലാവര്‍ക്കും വേണ്ട ഭക്ഷണ കിറ്റുകളും സാനറ്റൈസറുകളും ഒരുക്കിയിരുന്നു. സഹകരണത്തിന് മഹാരാഷ്ട്ര സര്‍ക്കാരിന് നന്ദി പറയുന്നു. എന്നാല്‍ സാധ്യമായ സഹായം തൊഴിലാളികള്‍ക്ക് ചെയ്തുകൊടുക്കും. അവസാനത്തെ അന്തര്‍ സംസ്ഥാന തൊഴിലാളിയും വീട്ടിലെത്തുന്നതുവരെ ഇത് തുടരുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്’

സോനു സൂദ്‌